CrimeNEWS

കലോത്സവം കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; പ്രിന്‍സിപ്പല്‍ അടക്കം മൂന്ന് അധ്യാപകര്‍ കൂടി അറസ്റ്റില്‍

കൊച്ചി: കലോത്സവം കഴിഞ്ഞ് വരവെ വാഹനത്തില്‍ വെച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിവകല, അധ്യാപകരമായ ഷൈലജ, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്.

അധ്യാപകന്‍ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയെന്ന് വിദ്യാര്‍ഥിനി പരാതി നല്‍കിയിട്ടും പീഡന വിവരം സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ അറിയിക്കാതെ മറച്ചുവെച്ചു. അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. കേസില്‍ പ്രതിയായ അധ്യാപകനെ കഴിഞ്ഞ ദിവസം നാഗര്‍കോവിലില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

എറണാകുളം പട്ടിമറ്റം സ്വദേശി കിരണ്‍ കുമാറാണ് അറസ്റ്റിലായത്. ബസ് പണിമുടക്ക് നടന്ന ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. കലോത്സവത്തില്‍ പങ്കെടുപ്പിച്ച ശേഷം തിരിച്ച് വീട്ടില്‍ കുട്ടിയെ എത്തിച്ചുകൊള്ളാം എന്ന അധ്യാപകന്റെ ഉറപ്പിലാണ് വിദ്യാര്‍ഥിനിയെ വീട്ടുകാര്‍ അയച്ചത്. തിരിച്ചു വരുന്നതിനിടെയാണ് അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ശാരീരികമായി പീഡിപ്പിച്ചത്.

വിവരം അറിഞ്ഞ സഹപാഠികള്‍ പ്രതിഷേധിക്കുകയും അധ്യാപകന്റെ ഇരുചക്രവാഹനവും സ്‌കൂള്‍ കെട്ടിടത്തിന്റെ ജനല്‍ച്ചില്ലുമൊക്കെ അടിച്ചു തകര്‍ക്കുകയും ചെയ്തു. എന്നിട്ടും സ്‌കൂള്‍ അധികൃതര്‍ പോലീസിനെ അറിയിച്ചില്ല. വിദ്യാര്‍ഥിനിയെ കൗണ്‍സിലിങ് നടത്തിയ ഗസ്റ്റ് അധ്യാപികയുടെ മൊഴി പ്രകാരമാണ് പിന്നീട് പോലീസ് കേസെടുത്തത്. തുടര്‍ന്ന് അധ്യാപകന്‍ ഒളിവില്‍ പോയി.

മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ നാഗര്‍കോവിലില്‍നിന്ന് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്ന സംഭവം. ബസ് സമരമായതിനാല്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അധ്യാപകനൊപ്പമാണ് വിദ്യാര്‍ത്ഥിനിയെ മാതാപിതാക്കള്‍ അയച്ചത്. തുടര്‍ന്ന് പൊന്നുരുന്നിയില്‍ കലോത്സവം കഴിഞ്ഞ് വരുന്നതിനിടെ അധ്യാപകന്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.

 

 

 

 

Back to top button
error: