എന്നാല്‍ പാലക്കാട് കാവുശ്ശേരിക്കാരി ശ്രീദേവിയ്ക്ക് ആ പേരു കേള്‍ക്കുമ്ബോഴെല്ലാം ഓര്‍മവരിക, ദൈവത്തിന്റെ മുഖമാണ്. ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും രക്ഷിച്ച്, തന്നെ ജീവിതത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയ രക്ഷകനാണ് ശ്രീദേവിയ്ക്ക് മമ്മൂട്ടി.
ജനിച്ചയുടനെ സ്വന്തം അമ്മ ഉപേക്ഷിച്ചുപോയ കുട്ടിയാണ് ശ്രീദേവി. ഉറുമ്ബരിച്ച നിലയില്‍ കടത്തിണ്ണയില്‍ ഉപേക്ഷിക്കപ്പെട്ട ചോരകുഞ്ഞായ ശ്രീദേവിയെ എടുത്തുവളര്‍ത്തിയത് നാടോടിസ്ത്രീയായ തങ്കമ്മയാണ്. എന്നാല്‍ ഭിക്ഷാടന മാഫിയയുടെ ഭാഗമായ തങ്കമ്മയുടെ മക്കള്‍ മൂന്നു വയസ്സുമുതല്‍ ശ്രീദേവിയേയും ഭിക്ഷാടനത്തിനു ഉപയോഗിച്ചു തുടങ്ങി. പട്ടിണിയും നിരന്തരമായ ഉപദ്രവവും സഹിച്ച് ദുരിതജീവിതം നയിക്കുന്നതിനിടെ ആറാം വയസ്സില്‍ മമ്മൂട്ടിയെ കണ്ടുമുട്ടിയതാണ് ശ്രീദേവിയുടെ തലവര മാറ്റിയെഴുതിയത്.
വിശപ്പു സഹിക്കാതെ ഒരു ദിവസം ‘പട്ടാളം’ സിനിമയുടെ ലൊക്കേഷനില്‍ ശ്രീദേവി ഭിക്ഷ ചോദിച്ച് ചെന്നു. അത് മമ്മൂട്ടി സാറാണെന്ന് അന്ന് അറിയില്ലായിരുന്നു. “സാറേ.. എനിക്ക് വിശക്കുന്നു,” എന്നു പറഞ്ഞു കരഞ്ഞ് ഭിക്ഷ ചോദിച്ചു. അദ്ദേഹം എന്നോട് കാര്യങ്ങള്‍ തിരക്കി. ആ ഏരിയയിലെ പൊതുപ്രവര്‍ത്തകരോട് അദ്ദേഹം എന്നെ കുറിച്ച് അന്വേഷിക്കാനും പറഞ്ഞു. ആരുമില്ലാത്ത എന്നെയൊരു നാടോടി സ്ത്രീ എടുത്തുവളര്‍ത്തുകയാണെന്നും ഭിക്ഷാടന മാഫിയയുടെ കീഴിലാണ് ഞാനെന്നും അദ്ദേഹം മനസ്സിലാക്കി, ശ്രീദേവി പറയുന്നു.
ശ്രീദേവിയെ രക്ഷിക്കണമെന്നുണ്ടെങ്കിലും ആരുടെയെങ്കിലും സഹായമില്ലാതെ പറ്റില്ലെന്നു പറഞ്ഞ പൊതുപ്രവര്‍ത്തകനോട്, ‘ ആ കുട്ടിയെ ഞാന്‍ ഏറ്റെടുക്കാം’ എന്നാണ് മമ്മൂട്ടി പറഞ്ഞത്.
അവിടം വിട്ട് പോവാന്‍ മടി കാണിച്ച ശ്രീദേവിയെ അടുത്തുള്ള ഒരു സ്കൂളില്‍ വിട്ട് പഠിപ്പിക്കാന്‍ വേണ്ട സംവിധാനവും മമ്മൂട്ടി ഒരുക്കി. എന്നാല്‍ അന്ന് തമിഴ് മാത്രം സംസാരിക്കാന്‍ അറിയാമായിരുന്ന ശ്രീദേവി സ്കൂളില്‍ ഏറെ ബുദ്ധിമുട്ടി. ഇക്കാര്യം അറിഞ്ഞ മമ്മൂട്ടി പിന്നീട്, ശ്രീദേവിയെ ആലുവ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയായിരുന്നു.
“മമ്മൂട്ടി സാറിന്റെ കെയര്‍ ഓഫില്‍ ആണ് ഞാന്‍ ആലുവ ജനസേവയില്‍ എത്തിയത്. എന്നെ അവിടെ എത്തിക്കുന്നതുവരെ അദ്ദേഹം വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടേയിരുന്നു. ജനസേവയില്‍ എത്തിയപ്പോള്‍ എനിക്ക് സന്തോഷമായി. നിറയെ അമ്മമാരും കുട്ടികളും കുഞ്ഞുവാവകളുമൊക്കെയുണ്ടായിരുന്
ഏഴു വയസ്സില്‍ ശിശുഭവനിലെത്തിയ ശ്രീദേവി അവിടെ നിന്നു പഠിച്ചു. ഒടുവിൽ മമ്മൂട്ടി തന്നെ മുൻകൈ എടുത്ത് വിവാഹം കഴിപ്പിച്ചുകൊടുത്തു.”സതീഷ് എന്നാണ് ഭർത്താവിന്റെ പേര്. അച്ഛനും അമ്മയും സഹോദരിയും സഹോദരന്മാരുമൊക്കെയായി ധാരാളം അംഗങ്ങളുള്ള കുടുംബത്തിലേക്കാണ് ശ്രീദേവിയെ വിവാഹം ചെയ്ത് അയച്ചത്,” ആലുവ ജനസേവ ശിശു ഭവനിലെ ജീവനക്കാരി ഇന്ദിര ശബരിനാഥ് പറയുന്നു.
പാലക്കാട് കാവുശ്ശേരിക്കാരിയില്‍ ശിവാനി ഫാന്‍സി സ്റ്റോര്‍ എന്ന കട നടത്തുകയാണ് ശ്രീദേവി ഇപ്പോള്‍. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ശ്രീദേവി തന്റെ ജീവിതകഥ പറഞ്ഞത്. ആറു വയസ്സില്‍ തന്നെ രക്ഷിച്ച മമ്മൂട്ടി സാറിനെ ഒരിക്കല്‍ കൂടി നേരില്‍ കണ്ട് നന്ദി അറിയിക്കണമെന്നാണ് ശ്രീദേവിയുടെ ആഗ്രഹം.