KeralaNEWS

ജി.എസ്.ടി നറുക്കെടുപ്പിൽ 10 ലക്ഷം സമ്മാനം, പക്ഷേ വിജയിച്ച ആൾ പണം ചോദിച്ചു സമീപിച്ചപ്പോൾ ദാരിദ്ര്യം പറഞ്ഞ് വകുപ്പ് കൈമലർത്തി

നികുതി വെട്ടിപ്പുകാരെ പിടികൂടുന്ന ജിഎസ്ടി വകുപ്പ് ഏർപ്പെടുത്തിയ സമ്മാന പദ്ധതിയുടെ സെപ്റ്റംബർ മാസത്തെ നറുക്കെടുപ്പിൽ വിജയിയായത് കിളിമാനൂർ സ്വദേശി പി.സുനിൽ കുമാർ. 10 ലക്ഷം രൂപയാണ് സമ്മാനതുക. പക്ഷേ രണ്ടര മാസം കഴിഞ്ഞിട്ടും സമ്മാനാർഹന് പണം ലഭിച്ചിട്ടില്ല. കാശ് ചോദിച്ചപ്പോൾ ദാരിദ്ര്യക്കണക്കു പറഞ്ഞ് കൈമലർത്തി ജിഎസ്ടി വകുപ്പ്. നികുതി വെട്ടിപ്പു തടയാൻ ബില്ലുകൾ ചോദിച്ചു വാങ്ങുന്നതു പ്രോത്സാഹിപ്പിക്കാൻ ചരക്ക് , സേവന നികുതി (ജി എസ്ടി) വകുപ്പ് ഏർപ്പെടുത്തിയ ലക്കി ബിൽ മൊബൈൽ ആപ്പിന്റെ ആദ്യത്തെ പ്രതിമാസ നറുക്കെടുപ്പ് വിജയിക്കാണ് ദുരനുഭവം.

സമ്മാനത്തുകയായ 10 ലക്ഷം രൂപയ്ക്കു വേണ്ടി രണ്ടര മാസമായി ജിഎസ്ടി വകുപ്പിനെ സമീപിച്ചുകൊണ്ടിരിക്കുകയാണ് കിളിമാനൂർ സ്വദേശി പി.സുനിൽ കുമാർ. ട്രഷറിയിൽ പണമില്ല, ഉണ്ടാകുമ്പോൾ അറിയിക്കാമെന്നുമാണു മറുപടി.

തിരുവനന്തപുരത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്ന് സുനിൽ കുമാർ ഷോപ്പിങ് നടത്തിയതിന്റെ ബിൽ ആണ് ആപ് വഴി നൽകിയത്. സെപ്റ്റംബർ 5ന് ആയിരുന്നു നറുക്കെടുപ്പ്. സമ്മാനം അടിച്ചതായി പിറ്റേന്ന് അറിയിപ്പു ലഭിച്ചു. പത്രങ്ങളിൽ ഏഴാം തീയതി സർക്കാർ പരസ്യവും നൽകി. 30 ദിവസത്തിനകം സമ്മാനത്തുക നൽകുമെന്നാണ് അറിയിച്ചത്.

ഇതിനു പിന്നാലെ ഒക്ടോബർ ആദ്യ വാരം 25 ലക്ഷം രൂപയുടെ ലക്കി ബംപർ നറുക്കെടുപ്പ് നടത്തുമെന്നും ജിഎസ്ടി വകുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ നറുക്കെടുപ്പോ, ഒക്ടോബറിലെ പ്രതിമാസ നറുക്കെടുപ്പോ നടന്നിട്ടില്ല എന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമായത്.

Back to top button
error: