ന്യൂഡൽഹി: 5 ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ടിരുന്ന കൊടുംഭീകരൻ കുൽവീന്ദർജിത് സിംഗ് അറസ്റ്റിൽ. ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നാണ് ഖാൻപൂരിയ എന്നറിയപ്പെടുന്ന കുൽവീന്ദർജിത്തിനെ എൻ ഐ എ പിടികൂടിയത്. ബബ്ബർ ഖൽസ ഇന്റർനാഷണൽ, ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് എന്നീ ഭീകരസംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് ഖാൻപൂരിയ.
2019 മുതൽ ഒളിവിലായിരുന്ന ഖാൻപൂരിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പഞ്ചാബിൽ നടന്ന നിരവധി രാഷ്‌ട്രീയ കൊലപാതകങ്ങളിൽ ഇയാൾക്ക് നേരിട്ടും അല്ലാതെയും പങ്കുള്ളതായി വിവിധ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. ഡൽഹി കണൗട്ട് പ്ലേസിൽ നടന്ന ബോംബ് സ്ഫോടനം, തൊണ്ണൂറുകളിൽ ഖാലിസ്ഥാൻ വാദികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവയിൽ ഖാൻപൂരിയ സജീവ പങ്കാളിയായിരുന്നു. ദേരാ സച്ച സൗദ, ഭക്രാ ബിയാസ് മാനേജ്മെന്റ് ബോർഡ്, പോലീസ്, സുരക്ഷാ സേനകൾ എന്നിവയിലെ നിരവധി പേരെ ആക്രമിച്ച് രാജ്യത്ത് കലാപമുണ്ടാക്കാൻ ഗൂഢാലോചനകൾ നടത്തിയ കേസുകളിലും പ്രതിയാണ് ഖാൻപൂരിയ.
ഇന്ത്യയിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടി വിദേശ രാജ്യങ്ങളുമായി ചേർന്നും ഖാൻപൂരിയ ഗൂഢാലോചനകൾ നടത്തിയിട്ടുണ്ട്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന ഇയാൾക്കെതിരെ എൻ ഐ എ ലുക്കൗട്ട് നോട്ടീസും ഇന്റർപോൾ റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളുടെ കൂട്ടാളികളെയും ആയുധങ്ങൾ സഹിതം എൻ ഐ എ പിടികൂടിയിരുന്നു.