കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ വന്ന് മലയാളി പ്രേക്ഷകര്‍കാരുടെ പ്രിയ താരമായി മാറിയ വ്യക്തിയാണ് ഡോ റോബിന്‍ രാധാകൃഷ്ണന്‍. ഷോ കഴിഞ്ഞതോടെ നിലവില്‍ സിനിമയില്‍ ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. വൈകാതെ താന്‍ രാഷ്ട്രീയത്തിലേക്കും ചുവടുവെച്ചേക്കാം എന്ന് പറയുകയാണ് റോബിന്‍. തനിക്ക് രാഷ്ട്രീയത്തില്‍ താത്പര്യം ഉണ്ടെന്നും ചിലര്‍ സമീപിച്ചതായും റോബിന്‍ വെളിപ്പെടുത്തി. കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റോബിന്‍ ഇക്കാര്യം പറഞ്ഞത്.
”രാഷ്ട്രീയം ഇഷ്ടമാണ്. തന്നെ ഒരു രാഷ്ട്രീയപാര്‍ട്ടി സമീപിച്ചിട്ടുണ്ട്. അതൊക്കെ തന്റെ മനസില്‍ ഉണ്ട്. പക്ഷേ ഇപ്പോള്‍ ആ പീരിയഡ് അല്ല എനിക്ക്, ഞാന്‍ സിനിമയില്‍ മാത്രമാണ് ഫോക്കസ് ചെയ്യുന്നത്. രാഷ്ട്രീയം എന്ന് പറയുന്നത് എന്താണ്? രാഷ്ട്രത്തിനും ജനങ്ങള്‍ക്കും വേണ്ടി നല്ലത് വരുന്ന കാര്യങ്ങള്‍ ചെയ്യുകയെന്നതാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി വേണമെന്ന് അതിന് നിര്‍ബന്ധമൊന്നുമില്ല.
ജനങ്ങള്‍ക്ക് വേണ്ടിയുള്ള നല്ല പ്രവര്‍ത്തനങ്ങള്‍ എവിടെ നടക്കുന്നുണ്ടെങ്കിലും അത് രാഷ്ട്രീയമാണ്. ഞാന്‍ അത് ആഗ്രഹിക്കുന്നയാളാണ്. എനിക്ക് രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കണം. എന്നെ ഇതുവരെ എത്തിച്ച ജനങ്ങള്‍ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യണമെന്നത് എന്റെ മനസിലുണ്ട്. അതിനുള്ള കൃത്യമായ സമയം വന്ന് കഴിഞ്ഞാല്‍ ഞാന്‍ അത് ചെയ്യും. അതുകൊണ്ട് തന്നെ അതിന്റെ സമയം ആകുമ്പോള്‍ ഉറപ്പായിട്ടും ചെയ്യും. അത് ഏത് പാര്‍ട്ടിയായിരിക്കുമെന്നൊന്നും ഇപ്പോള്‍ ഞാന്‍ പറയുന്നില്ല.
ഞാന്‍ ഒരു പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന ആളല്ല. എല്ലാ പാര്‍ട്ടിക്കാരുടേയും ആഗ്രഹം എന്താണ് രാഷ്ട്രം നന്നായിരിക്കണം ജനങ്ങള്‍ നന്നായി പ്രവര്‍ത്തിക്കണമെന്നതാണ്. ആ സമയം വരുമ്പോള്‍ ഏത് പാര്‍ട്ടി എന്നൊന്നും അല്ല, എന്താണ് ശരി ആ കാര്യം ചെയ്യും. എന്നെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ ഞാന്‍ എന്ന വ്യക്തിയെ മാത്രം പിന്തുണയ്ക്കണം. എന്റെ പാര്‍ട്ടി ഏതാണെന്ന് നോക്കരുത്. നിങ്ങള്‍ ഇഷ്ടപ്പെട്ടത് എന്നെയാണ്. ഏത് പാര്‍ട്ടിയില്‍ ആണെങ്കിലും എനിക്ക് ചെയ്യാനുള്ളത് ഞാന്‍ ചെയ്യും. അത് ഏത് പാര്‍ട്ടിയില്‍ ആണെങ്കിലും” -ഡോ റോബിന്‍ വ്യക്തമാക്കി.