പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തിന് ടൂറിസ്റ്റ് ബസിൻ്റെ അമിത വേഗതക്കൊപ്പം കെഎസ്ആർടിസിയുടെ പിഴവും കാരണമായെന്ന് മോട്ടോർ വാഹന വകുപ്പിൻ്റെ റിപ്പോർട്ട്. അപകടത്തിന് തൊട്ടുമുമ്പ് കെഎസ്ആർടിസി വേഗത കുറച്ച് യാത്രക്കാരനെ ഇറക്കിയതായി കണ്ടെത്തൽ. ടൂറിസ്റ്റ് ബസിൻ്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയും തന്നെയാണ് വടക്കഞ്ചേരി അപകടത്തിൻ്റെ പ്രധാന കാരണമായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
തൊട്ടുമുന്നിൽ പോകുന്ന വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം ടൂറിസ്റ്റ് ബസ് പാലിക്കാത്തതും അപകടത്തിന് കാരണമായി. അതേസമയം പന്നിയങ്കര ടോൾ പ്ലാസയിൽ നിന്ന് ടൂറിസ്റ്റ് ബസിനേക്കാൾ മൂന്ന് മിനിറ്റ് മുമ്പേ കെഎസ്ആർടിസി ബസ് കടന്നുപോയിട്ടുണ്ട്. അതായത് ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും ഏറെ അകലത്തിലാണ് ഓടിക്കൊണ്ടിരുന്നത്. എന്നാൽ അപകടം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് കെഎസ്ആർടിസി വേഗത കുറച്ച് യാത്രക്കാരനെ ഇറക്കിവിട്ട ശേഷം മുന്നോട്ടെടുക്കുമ്പോൾ കെഎസ്ആർടിസിയുടെ വേഗത 10 കിലോമീറ്ററിൽ താഴെ മാത്രമായിരുന്നു. ഈ സമയം 97.72 കിലോമീറ്റർ വേഗതയിൽ എത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയുടെ പിറകിൽ ഇടിക്കുകയായിരുന്നു.