KeralaNEWS

ഹാസ്യ സാമ്രാട്ട് അടൂര്‍ ഭാസിയുടെ അനന്തരവനും സി.വി. രാമന്‍ പിള്ളയുടെ കൊച്ചുമകനുമായ ബി ഹരികുമാർ അന്തരിച്ചു

ചലച്ചിത്രനടൻ അടൂർ ഭാസിയുടെ സഹോദരീ പുത്രനും എഴുത്തുകാരനും നടനുമായ ബി. ഹരികുമാർ (71) അന്തരിച്ചു. കാഴ്ചയിലും സംസാരത്തിലും അടൂർ ഭാസിയെ അനുസ്മരിപ്പിക്കുന്ന പ്രകൃതമായിരുന്നു ഹരികുമാറിന്റേത്. അഭിനയത്തിൽ അടൂർ ഭാസിയുടെ പാരമ്പര്യം നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.

മലയാളം ദൂരദർശൻ തുടങ്ങിയപ്പോൾ സീരിയലുകളിലൂടെ അദ്ദേഹം കുടുംബസദസ്സുകൾക്ക് പ്രിയങ്കരനായി. മലയാറ്റൂരിന്റെ ‘ഡോ. വേഴാമ്പൽ’ നോവൽ സീരിയലാക്കിയപ്പോൾ അതിലെ അഭിനയംകൊണ്ട് ശ്രദ്ധപിടിച്ചുപറ്റി. ഡയാന എന്ന സീരിയൽ ഹരികുമാർ രചിച്ചതാണ്. ചമയം, മർമരം സീരിയലുകളിലും സർഗം, കളമശ്ശേരിയിൽ കല്യാണയോഗം, സാഗരം സാക്ഷി എന്നീ സിനിമകളിലും അഭിനയിച്ചു.

ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഹരികുമാർ, അടൂര്‍ ഭാസി ഫലിതങ്ങള്‍, ചിരിയുടെ തമ്പുരാന്‍, അടൂർ ഭാസിയുടെ ജീവിതം പ്രമേയമാക്കി ‘മാരീചം’ എന്ന നോവലും രചിച്ചിട്ടുണ്ട്.

കൂടാതെ 35 നോവലുകളും അമ്പതിൽപ്പരം കഥാസമാഹാരങ്ങളും അദ്ദേഹത്തിൻ്റേതായി പുറത്തു വന്നിട്ടുണ്ട്. സാഹിത്യരചനയ്ക്ക് മൂലൂർ എസ്. പദ്മനാഭപണിക്കർ അവാർഡ് ലഭിച്ചിട്ടുണ്ട്. ചലച്ചിത്രനടൻ അടൂർ ഭാസിയുടെ സഹോദരി ഓമനക്കുട്ടിയമ്മയുടെയും നൂറനാട് സി.ബി.എം. ഹൈസ്കൂൾ മാനേജരായിരുന്ന സി.ഭാർഗവൻപിള്ളയുടെയും മകനാണ്. മലയാളസാഹിത്യത്തിലെ കുലപതി സി.വി. രാമൻപിള്ളയുടെ മകളുടെ മകനും പ്രസിദ്ധ ഹാസ്യസാഹിത്യകാരൻ ഇ.വി.കൃഷ്ണപിള്ളയുടെ കൊച്ചുമകനുമാണ്.

കന്യാകുമാരി ജില്ലയിലെ കുലശേഖരം പൊന്നുമംഗലം കുടുംബാംഗമായ കെ.വി.ശ്രീലേഖയാണ് ഭാര്യ. മകൻ: ഹേമന്ത് (ദുബായ്). മരുമകൾ: പാർവതി (ദുബായ്). സംസ്കാരം ഇന്ന് രാവിലെ 10-ന് തൈക്കാട് ശാന്തികവാടത്തിൽ.

Back to top button
error: