IndiaNEWS

ചികിത്സാ പിഴവിനെ തുടർന്ന് യുവ വനിതാ ഫുട്ബോൾ താരം മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ ആരോഗ്യവകുപ്പിനോട് റിപ്പോർട്ട് തേടി

ചെന്നൈ: ചികിത്സാ പിഴവിനെ തുടർന്ന് യുവ വനിതാ ഫുട്ബോൾ താരം മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. സംഭവത്തിൽ ഉടനടി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടത്. ശസ്ത്രക്രിയയെ തുടർന്ന് കാൽ മുറിച്ചുമാറ്റേണ്ടിവന്ന പ്രിയ ചൊവ്വാഴ്ച്ചയാണ് മരിച്ചത്. ഫുട്ബോൾ പരിശീലനത്തിനിടെ അനുഭവപ്പെട്ട പേശിവലിവ് പരിഹരിക്കാൻ ചികിത്സ തേടിയ ഡിഗ്രി വിദ്യാർത്ഥി പ്രിയയാണ് ചികിത്സാ പിഴവ് കാരണം മരിച്ചത്.

ചെന്നൈ റാണി മേരി കോളേജിലെ ഫുട്ബോൾ ടീമംഗമായിരുന്നു പ്രിയ. ശസ്ത്രക്രിയക്കിടെ രക്തസ്രാവം കുറയ്ക്കാൻ രക്തക്കുഴലിൽ ഇട്ട കംപ്രഷൻ ബാൻഡ് നീക്കാൻ ഏറെ താമസിച്ചത് കാരണം രക്തയോട്ടം നിലച്ച് ആദ്യം കാലിലെ കോശങ്ങൾ നശിച്ചിരുന്നു. ഇതിനെ തുടർന്ന് വലതുകാൽ മുറിച്ചുമാറ്റിയിരുന്നു. ഇതിന് പിന്നാലെ ആന്തരികാവയവങ്ങൾ തകരാറിലായ പ്രിയ മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രിയയുടെ മരണത്തിന് ഉത്തരവാദികളെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയ ചെന്നൈ പെരിയാർ നഗർ ആശുപത്രിയിലെ അസ്ഥിരോഗവിദഗ്ധൻ ഡോ. എ പോൾ രാംശങ്കർ, അത്യാഹിത വിഭാഗം ഡോക്ടർ കെ സോമസുന്ദർ എന്നിവരെ സർവീസിൽ നിന്ന് സസ്പെൻ‍ഡ് ചെയ്തിരുന്നു. രണ്ടുപേരും ഇപ്പോൾ ഒളിവിലാണ്.

ഇതിനിടെ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ അമിത ജോലിഭാരമാണ് ദുഃഖകരമായ സംഭവത്തിലേക്ക് നയിച്ചതെന്ന് കാട്ടി സർക്കാർ ഡോക്ടർമാരുടേയും മെഡിക്കൽ പി.ജി.വിദ്യാർത്ഥികളുടേയും സംഘടന മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇടത്തരം ആശുപത്രികളിൽ കൂടുതൽ ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും നിയമിക്കണമെന്നും മെച്ചപ്പെട്ട ഉപകരണങ്ങൾ നൽകണമെന്നുമാണ് ആവശ്യം. അതേസമയം പ്രിയയുടെ മരണം പ്രതിപക്ഷ പാ‍ർട്ടികൾ സർക്കാരിനെതിരെ ആയുധമാക്കിയിട്ടുണ്ട്. അണ്ണാ ഡി എം കെയും ബി ജെ പിയും സംഭവം ഡി എം കെ സർക്കാരിൻറെ ആരോഗ്യ വകുപ്പിൻറെ പരാജയമാണെന്നാണ് അഭിപ്രായപ്പെട്ടത്. ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അണ്ണാ ഡി എം കെയും ബി ജെ പിയും അറിയിച്ചിട്ടുണ്ട്.

Back to top button
error: