NEWSWorld

കുവൈത്ത് വിസകൾക്ക് ഫീസ് മൂന്നിരട്ടിയാക്കും, റസിഡൻസി വിസകൾ നിയന്ത്രിക്കും

കുവൈത്ത് സിറ്റി: ആഭ്യന്തര, പ്രതിരോധ പാർലിമെന്ററി കമ്മിറ്റി അംഗങ്ങളും ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അൽ സബാഹും തമ്മിൽ പുതിയ റെസിഡൻസി നിയമം, സന്ദർശന വിസ അനുവദിക്കുന്നതിനുള്ള പുതിയ സംവിധാനങ്ങൾ, റസിഡൻസി പെർമിറ്റുകൾ നൽകുന്നതിനുള്ള നിയമങ്ങൾ എന്നിവ ചർച്ച ചെയ്യും. ഈ മാസം അവസാനം ഇതിനായി യോഗം ചേരും. യോഗത്തിൽ പങ്കെടുക്കാൻ തയ്യാറാണെന്ന് ശൈഖ് തലാൽ, എം പിമാരെ അറിയിച്ചിട്ടുണ്ട്.

പുതിയ റസിഡൻസി നിയമത്തിൽ ഭേദഗതികൾ വരുത്താൻ സർക്കാർ തയ്യാറാണെന്നും ഉടനെ ദേശീയ അസംബ്ലിയിലേക്ക് അയക്കുമെന്നും അവിടെ ആഭ്യന്തര, പ്രതിരോധ സമിതി ചർച്ച ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. റസിഡൻസി വിസകൾ നിയന്ത്രിക്കുക എന്നതാണ് പുതിയ നിയമത്തിന്റെ കാതൽ. ഫീസ് മൂന്നിരട്ടിയാക്കുമെന്നും എം പിമാർ പറഞ്ഞു. ഫീസ് ഇരട്ടിയാക്കുന്നതിനൊപ്പം വിസിറ്റ് വിസകൾക്കുള്ള ഭേദഗതികൾ ജനുവരിയിൽ പുറത്തിറക്കും. കുറച്ചു വിഭാഗങ്ങൾക്ക് മാത്രമാകും വിസ നേടാനാവുക.

Signature-ad

അതേസമയം, രാജ്യത്ത് താമസ നിയമ ലംഘകർക്കെതിരെ കർശന പരിശോധന തുടരും. പുതിയ താമസ നിയമത്തിൽ അഞ്ച് വർഷത്തെ റസിഡൻസി പെർമിറ്റ് ഉൾപ്പെടുന്നുണ്ട്. മുൻ അസംബ്ലിക്ക് അയച്ച കരട് നിയമത്തിൽ ഇത് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ പെർമിറ്റ്‌ നിക്ഷേപകർക്കോ ബിസിനസ്സുകാർക്കോ കുവൈത്തി സ്ത്രീകളുടെ കുട്ടികൾക്കോ ഉള്ളതല്ല എന്ന് പ്രാദേശിക പത്രം റിപ്പോർട് ചെയ്തു.

Back to top button
error: