ഇന്ത്യൻ സിനിമാലോകത്ത് സമീപകാലത്ത് ഏറ്റവും വലിയ വിജയം നേടിയിട്ടുള്ളത് തെന്നിന്ത്യൻ സിനിമകൾ ആണ്. അതിൽ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായിരുന്നു മണി രത്നത്തിന്റെ പൊന്നിയിൻ സെൽവൻ. കൽകി കൃഷ്ണമൂർത്തിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയുള്ള എപിക് ഹിസ്റ്റോറിക്കൽ ആക്ഷന് ഡ്രാമ രണ്ട് ഭാഗങ്ങളിലായാണ് മണി രത്നം വിഭാവനം ചെയ്തിരിക്കുന്നത്. അതിൽ ആദ്യ ഭാഗമാണ് സെപ്റ്റംബർ 30 ന് തിയറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ രണ്ടാം ഭാഗത്തിൻറെ റിലീസ് സംബന്ധിച്ച റിപ്പോർട്ടുകളും പുറത്തെത്തുകയാണ്.
#PS2 is most likely to release on April 28th, 2023..
— Ramesh Bala (@rameshlaus) November 15, 2022
ചിത്രം 2023 ഏപ്രിൽ 20 ന് ആണ് തിയറ്ററുകളിൽ എത്തുകയെന്ന് ചിത്രത്തിൻറെ വിതരണക്കാരായ റെഡ് ജയൻറ് മൂവീസ് ഉടമ ഉദയനിധി സ്റ്റാലിൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ഇതിനടുത്ത മറ്റൊരു തീയതിയാണ് ഇപ്പോൾ പറയുന്നത്. ചിത്രം 2023 ഏപ്രിൽ 28 ന് എത്താനാണ് ഏറ്റവും സാധ്യതയെന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.
തമിഴ് സിനിമയുടെ ചരിത്രത്തിൽ തന്നെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയങ്ങളിലൊന്നാണ് പൊന്നിയിൻ സെൽവൻ 1. മണി രത്നം തൻറെ സ്വപ്ന ചിത്രമെന്ന് വിശേഷിപ്പിച്ച സിനിമയ്ക്ക് വമ്പൻ പ്രീ റിലീസ് ഹൈപ്പ് ആണ് ലഭിച്ചത്. ഐശ്വര്യ റായ്, വിക്രം, കാർത്തി, ജയം രവി, ജയറാം, തൃഷ, ശരത് കുമാർ തുടങ്ങിയ വൻ താരനിരയും ആദ്യ ദിനങ്ങളിൽ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ആകർഷിച്ച ഘടകമാണ്. സെപ്റ്റംബർ 30 ന് തിയറ്ററുകളിൽ എത്തിയ ചിത്രം ആദ്യത്തെ രണ്ട് വാരം കൊണ്ടുതന്നെ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 400 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു.