ഈ വർഷം തമിഴ് സിനിമയിൽ ‘വിരുമൻ’ ‘പൊന്നിയിൻ സെൽവൻ’ ‘സർദാർ ‘ എന്നീ സിനിമകളിലൂടെ ഹാട്രിക് വിജയം നേടിയ നടൻ കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ജപ്പാൻ്റെ ചിത്രീകരണം തൂത്തു ക്കുടിയിൽ ദ്രുത ഗതിയിൽ നടക്കുകയാണ്. ഇതിനിടയിൽ തന്നെ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നു അണിയറക്കാർ. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ സിനിമയിൽ കാർത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്.
ഡ്രീം വാരിയർ പിക്ചർസിൻ്റെ ബാനറിൽ എസ്.ആർ പ്രകാശ് ബാബു, എസ്.ആർ പ്രഭു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ‘ജപ്പാൻ.’ കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ‘ജപ്പാൻ’ ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്. തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും പ്രശസ്തി നേടിയ നടൻ സുനിൽ ഈ സിനിമയിലൂടെ തമിഴിൽ ചുവടു വെക്കുകയാണ്. അല്ലു അർജുൻ്റെ ‘പുഷ്പ’ യിൽ ‘മംഗളം സീനു’ എന്ന വില്ലൻ വേഷം ചെയ്ത് കയ്യടി നേടിയ അഭിനേതാവാണ് സുനിൽ. അതു പോലെ ‘ഗോലി സോഡ,’ ‘കടുക്’ എന്നീ സിനിമകൾ സംവിധാനം ചെയ്ത ഛായഗ്രാഹകൻ വിജയ് മിൽട്ടനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘പൊന്നിയിൻ സെൽവനി’ലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ രവി വർമ്മനാണ് ഛായഗ്രാഹകൻ. ജീ. വി പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ.
സംവിധായകൻ രാജു മുരുകൻ – ഛായഗ്രാഹകൻ രവിവർമ്മൻ – കാർത്തി – ഡ്രീം വാരിയർ പിക്ചേഴ്സ് എന്നീ പ്രഗല്ഭ കൂട്ട് കെട്ടിൽ നിന്നും വരുന്ന സിനിമയാണ് ‘ജപ്പാൻ’ എന്നതു കൊണ്ടു തന്നെ ആരാധകരിലും സിനിമാ വൃത്തങ്ങളിലും ഈ ചിത്രം ഏറെ പ്രതീക്ഷ നൽകുന്നു. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. തൂത്തുക്കുടിക്കൊപ്പം, കേരളവും ‘ജപ്പാൻ’ സിനിമയുടെ ലൊക്കഷനാണ്.
സി.കെ അജയ് കുമാർ പി.ആർ.ഒ