BusinessTRENDING

നടപ്പ് സാമ്പത്തിക വർഷത്തിലും ലോകത്തെ അതിവേഗം വളരുന്ന പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മുന്നിലെത്തും: റിസർവ് ബാങ്ക് ഗവർണർ

ദില്ലി: നടപ്പ് സാമ്പത്തിക വർഷത്തിലും ലോകത്തെ അതിവേഗം വളരുന്ന പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മുന്നിലെത്തുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. 2022 – 23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 7 ശതമാനം വളർച്ച കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക സാമ്പത്തിക രംഗം വലിയ വെല്ലുവിളികളെ നേരിടുന്ന കാലമാണിതെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

കൊവിഡിന്റെ മൂന്ന് ഷോക്ക് ലോകം നേരിട്ടു. പിന്നാലെ യുക്രൈൻ യുദ്ധവും ഓഹരി വിപണിയിലുണ്ടാകുന്ന തിരിച്ചടികളുമെല്ലാം ലോക രാഷ്ട്രങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം പ്രയാസങ്ങൾ യൂറോപ്യൻ രാഷ്ട്രങ്ങളെ സാമ്പത്തിക മാന്ദ്യത്തിന്റെ സാഹചര്യങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്. എങ്കിലും വൻകരയിലെ രാജ്യങ്ങൾ ഇതിനെ മറികടക്കുമെന്ന് താൻ കരുതുന്നു- ശക്തികാന്ത ദാസ് പറയുന്നു.

അമേരിക്കൻ വിപണി സ്ഥിരത കൈവരിച്ചിട്ടുണ്ട്. എന്നാൽ മറ്റ് പല രാഷ്ട്രങ്ങളുടെയും സാമ്പത്തിക വളർച്ചയെ വെല്ലുവിളികൾ സാരമായി ബാധിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ത്യയെ ഈ പ്രതിസന്ധികൾ ബാധിച്ചതായി കാണാനാവില്ലെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ സാമ്പത്തിക വളർച്ചയുടെ അക്കങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത് നടപ്പ് സാമ്പത്തിക വർഷത്തിൽ ഏഴ് ശതമാനം വളർച്ച നേടാനാവുമെന്നാണ്.

അന്താരാഷ്ട്ര നാണയ നിധി 6.8 ശതമാനം വളർച്ച ഇന്ത്യ കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് ഇന്ത്യയാകും ലോകത്തിലെ നടപ്പ് സാമ്പത്തിക വർഷത്തിൽ ഏറ്റവും വലിയ വളർച്ച നേടുന്ന സ്ഥാപനമെന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ റീടെയ്ൽ വിലക്കയറ്റം ഒക്ടോബറിലെ തോത് ഏഴ് ശതമാനത്തിൽ താഴെയായിരിക്കുമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി.

Back to top button
error: