കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ക്കു നേരെ തെരുവുനായ്ക്കളുടെ ആക്രമണം. അനാട്ടമി വിഭാഗത്തിലെ അസി. പ്രഫസറുടെ ചുരിദാറിന്റെ ടോപ്പ് നായ കടിച്ചു കീറി. ഡോക്ടര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ ഓടിയെത്തിയപ്പോള്‍ നായ്ക്കള്‍ പിന്‍മാറിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ മെഡിക്കല്‍ കോളജ് ലേണിങ് റിസോഴ്‌സ് സെന്റര്‍ (എല്‍.ആര്‍.സി) വളപ്പില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ ഉടനെയാണ് ഡോക്ടര്‍ക്കു നേരെ തെരുവുനായ്ക്കള്‍ പാഞ്ഞടുത്തത്. തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു നായ ഡോക്ടറുടെ ചുരിദാറിന്റെ ടോപ് കടിച്ചുകീറുകയായിരുന്നു. ഇവിടെ നിര്‍ത്തിയിടുന്ന കാറുകള്‍ക്കു താഴെയാണ് നായ്ക്കളുടെ താവളം.
വാഹനങ്ങള്‍ നിര്‍ത്തി പുറത്തിറങ്ങിറങ്ങുന്നവരെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവങ്ങള്‍ നേരത്തെയും ഉണ്ടായതായി ജീവനക്കാര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് വളപ്പില്‍ ഒരാഴ്ചയ്ക്കിടെ നാലാമത്തെയാള്‍ക്കു നേരെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം സീനിയര്‍ റസിഡന്റിനെ തെരുവുനായ അക്രമിച്ചു.