KeralaNEWS

മേയറുടെയും ഡി.ആര്‍ അനിലിന്റെയും പേരിലുള്ള കത്തുകള്‍ പരിശോധിക്കും

തിരുവനന്തപുരം നഗരസഭാ കത്ത് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം. മേയര്‍ ആര്യ രാജേന്ദ്രന്റെയും കൗണ്‍സിലര്‍ ഡി.ആര്‍ അനിലിന്റെയും പേരിലുള്ള കത്തുകള്‍ പരിശോധിക്കും. വിജിലന്‍സ് മേധാവിയാണ് നിര്‍ദേശം നല്‍കിയത്. അഴിമതി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.

അതേസമയം, നഗരസഭയിലെ പിന്‍വാതില്‍ നിയമനങ്ങളില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നഗരസഭയുടെ ആരോഗ്യവിഭാഗത്തില്‍ നിയമനം നല്‍കാനുള്ള മേയറുടെ പേരിലുള്ള ശിപാര്‍ശ കത്ത് പുറത്തായതിന് പിന്നാലെ നാല് പരാതികള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഉത്തരവിട്ടത്. ആര്യ രാജേന്ദ്രന്റെയും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി ആര്‍ അനിലിന്റെയും ശിപാര്‍ശ കത്തിലും പിന്‍വാതില്‍ നിയമനങ്ങളിലുമാണ് അന്വേഷണം നടത്തുക.

നഗരസഭയിലെ പിന്‍വാതില്‍ നിയമനങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ കൗണ്‍സിലര്‍ ശ്രീകുമാറാണ് പരാതി നല്‍കിയത്. തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് – ഒന്ന് ആകും അന്വേഷണം നടത്തുക. അതേസമയം മേയറുടെ ശുപാര്‍ശ കത്തില്‍ പ്രാഥമിക അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും കൗണ്‍സിലര്‍ ഡി.ആര്‍ അനിലും ഇതേവരെ മൊഴി നല്‍കിയില്ല. പല പ്രാവശ്യം മൊഴി രേഖപ്പെടുത്താന്‍ സമയം ചോദിച്ചുവെങ്കിലും തിരക്കുകള്‍ ചൂണ്ടികാട്ടി സമയം അനുവദിച്ചില്ല. അനിലിന്റെ മൊഴിയെടുക്കാന്‍ ഇന്നും സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

 

Back to top button
error: