KeralaNEWS

മേയറുടെ കത്ത് വലിയ അഴിമതിയുടെ ഭാഗം, തൊഴില്‍രഹിതര്‍ക്ക് നീതിലഭിക്കുംവരെ പോരാടും: പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി ജാവ്ദേക്കര്‍

തിരുവനന്തപുരം: കോര്‍പറേഷനിലെ കത്ത് വിവാദത്തിന് എതിരെ ബി.ജെ.പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. നഗരസഭയിലേക്ക് തള്ളിക്കയറാനായിരുന്നു പ്രതിഷേധക്കാരുടെ ശ്രമം. കേരളത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍ തിരുവനന്തപുരം നഗരസഭയില്‍ പ്രതിഷേധിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി സമര സ്ഥലത്ത് എത്തി.

താത്കാലിക നിയമനത്തിന് പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ മേയര്‍, സി.പി.എം. ജില്ലാ സെക്രട്ടറിക്ക് നല്‍കിയ കത്ത് ഒരു അബദ്ധമല്ലെന്ന് ജാവ്ദേക്കര്‍ പറഞ്ഞു. കത്ത് ആസൂത്രിതമാണ്. ന്യായമായ രീതിയില്‍ നിയമനം നടത്താതെ സി.പി.എമ്മിന്റെ ആളുകളെ മാത്രം നിയമിക്കാന്‍ ഉദ്ദേശിച്ച് നല്‍കിയ കത്ത് വലിയ അഴിമതിയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. മേയര്‍ കത്ത് നല്‍കിയ സംഭവം ഇനിമുതല്‍ നിയമന അഴിമതിയെന്ന് അറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന ബി.ജെ.പി. കൗണ്‍സിലര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. സമരമുഖത്തുള്ള കൗണ്‍സിലര്‍മാരെ അദ്ദേഹം അഭിനന്ദിച്ചു. അവരുടെ പോരാട്ടം വിജയത്തിലെത്തുമെന്ന് ഉറപ്പുണ്ടെന്നും കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായ പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. സമാധാനപരമായ പ്രതിഷേധത്തിനെതിരെ പോലീസ് ഒന്നല്ല, നാല് ഗ്രനേഡുകള്‍ എറിഞ്ഞുവെന്നും ഗ്രനേഡുകള്‍ സൂക്ഷിക്കുന്നത് തീവ്രവാദികള്‍ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

”തൊഴില്‍ രഹിതരായ കേരളത്തിലെ 43 ലക്ഷം യുവാക്കള്‍ രോഷാകുലരാണ്. ഇവിടെ ജോലികളില്ല. കഠിനപ്രയത്നത്തേയോ സത്യസന്ധതയേയോ മെറിറ്റിനേയോ സി.പി.എം. അംഗീകരിക്കുന്നില്ല. അവര്‍ക്ക് എല്ലാം അഴിമതിയാണ്. നമ്മുടെ പോരാട്ടം ഇവിടെ അവസാനിപ്പിക്കില്ല. ശരിയായ അന്വേഷണം നടക്കുന്നുവെന്ന് നമ്മള്‍ ഉറപ്പുവരുത്തും. കേരളത്തിലെ തൊഴില്‍രഹിതരായ 43 ലക്ഷം യുവാക്കള്‍ക്ക് നീതിലഭിക്കുന്നത് വരെ നമ്മള്‍ പോരാട്ടം തുടരും. മോഷ്ടിക്കപ്പെടുന്ന തൊഴിലുകളില്‍ അവര്‍ക്ക് അവകാശമുണ്ട്. ജോലി മോഷ്ടിക്കപ്പെടാന്‍ നമ്മള്‍ അനുവദിക്കില്ല”, പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.

Back to top button
error: