Breaking NewsNEWS

രാജിവയ്ക്കില്ല; കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളിടത്തോളം കാലം തുടരും: വെല്ലുവിളിച്ച് മേയര്‍

തിരുവനന്തപുരം: കത്തു വിവാദത്തില്‍ രാജിവയ്ക്കില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരുമെന്ന് ആര്യ അറിയിച്ചു. മേയര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പറേഷനു മുന്നില്‍ നടക്കുന്ന പ്രതിഷേധത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ആര്യ.

”55 കൗണ്‍സിലര്‍മാര്‍ വോട്ടു രേഖപ്പെടുത്തിയാണ് ഞാന്‍ മേയറായി ചുമതലയേല്‍ക്കുന്നത്. കൗണ്‍സിലര്‍മാരുടെയും ജനങ്ങളുടെയും പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരും. മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി എനിക്ക് പറയാനുള്ള കാര്യങ്ങളും ക്രൈംബ്രാഞ്ച് കേട്ടു. നഗരസഭയുടെ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളും മറ്റു പൊതു കാര്യങ്ങളും മൊഴിയുടെ ഭാഗമായി സൂചിപ്പിക്കുകയുണ്ടായി. അന്വേഷണവുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങള്‍ സ്വഭാവികമായും മുന്നോട്ടു പോകും.

ക്രൈംബ്രാഞ്ച് അന്വേഷണം പോസിറ്റീവായാണ് പോകുന്നത്. പ്രതിപക്ഷത്തിന്റെ രാജി ആവശ്യം ബാലിശമാണ്. ജനപിന്തുണയില്ലാത്ത സമരത്തിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. ജനങ്ങളെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതിയെന്നാണു ഞാന്‍ വിശ്വസിക്കുന്നത്. സര്‍ക്കാരിലും മുഖ്യമന്ത്രിയിലും വിശ്വാസമുണ്ട്. എനിക്കു പറയാനുള്ളതു കേള്‍ക്കാന്‍ ക്രൈംബ്രാഞ്ച് തയാറായി. അതുപോലെ, നഗരസഭ ജീവനക്കാരും ഓഫിസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു മൊഴി നല്‍കിയിട്ടുണ്ട്. സമരം തുടരുമ്പോഴും വാര്‍ഡിലെ ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ടും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നല്‍കുന്ന കത്തുകള്‍ പരിശോധിച്ച് അംഗീകരിക്കുന്നുണ്ട്.

കോടതി എനിക്ക് അയച്ചുവെന്നു പറയപ്പെടുന്ന കത്ത് കൈപ്പറ്റിയിട്ടില്ല. അതില്‍ എന്തൊക്കെയാണു പരാമര്‍ശിച്ചിരിക്കുന്നതെന്ന് പരിശോധിക്കണം. അന്വേഷണത്തിന്റെ ഭാഗമായി എല്ലാ വശങ്ങളും പരിശോധിക്കണം, മേയറുടെ ഭാഗം കൂടി കേള്‍ക്കണം എന്ന കോടതിയുടെ നിലപാടിനോടു നന്ദി പറയുന്നു. കോടതി നടപടിയെ സ്വാഗതം ചെയ്യുന്നു. കോടതി പറയുന്ന അന്വേഷണത്തിനോടു സഹകരിക്കും.” -ആര്യ പറഞ്ഞു.

”കട്ടപണവുമായി മേയറൂട്ടി കോഴിക്കോട്ടേക്കു വിട്ടോ” എന്ന ആരോപണമുന്നയിച്ച മഹിളാ കോണ്‍ഗ്രസിന്റെ ആരോപണത്തിനെതിരേ മാനനഷ്ട കേസ് ഫയല്‍ ചെയ്യുന്നതു സംബന്ധിച്ച് ആലോചിക്കും. മേയറോ നഗരസഭയിലെ ഭരണകക്ഷിയിലെ ആരെങ്കിലുമോ നഗരസഭയുടെ പണം തട്ടിയെടുത്തതായി ആരോപണമുന്നയിച്ചാല്‍ നിയമപരമായി നേരിടുമെന്നും മേയര്‍ പറഞ്ഞു.

 

Back to top button
error: