KeralaNEWS

ന്യൂനമര്‍ദം ശക്തമായി; ഇന്നു മുതല്‍ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്ക് കിഴക്കന്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് നിലകൊള്ളുന്ന ന്യൂനമര്‍ദം ശക്തി കൂടിയ ന്യൂനമര്‍ദമായി മാറി. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നു മുതല്‍ തിങ്കളാഴ്ച വരെ വ്യാപകമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

ജാഗ്രതയുടെ ഭാഗമായി ഇന്ന് എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.

ശക്തി കൂടിയ ന്യൂനമര്‍ദം നാളെ രാവിലെ വരെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ചു തമിഴ്‌നാട് – പുതുച്ചേരി തീരത്തേക്ക് നീങ്ങുകയും തുടര്‍ന്ന് നാളെയും മറ്റന്നാളും പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയില്‍ തമിഴ്‌നാട് – പുതുച്ചേരി, കേരളം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതിന്റെ സ്വാധീനഫലമായി ശനിയാഴ്ച ഇടുക്കിയില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Back to top button
error: