IndiaNEWS

ഇന്ന് നിശബ്ദപ്രചാരണം; ഹിമാചൽ പ്രദേശിൽ ബിജെപി 37 മുതൽ 45 വരെ സീറ്റ് നേടി ഭരണം തുടരുമെന്ന് സർവ്വേഫലങ്ങൾ

ദില്ലി: ഹിമാചൽ പ്രദേശിൽ ബിജെപിക്ക് ഭരണ തുടർച്ചയെന്ന് സർവേ ഫലങ്ങൾ. ഏറ്റവും ഒടുവിലായി പുറത്തുവന്ന റിപ്പബ്ലിക് പി മാർക്യു ഒപ്പീനിയൻ പോളിൽ 37 മുതൽ 45 വരെ സീറ്റ് നേടി ബിജെപി ഭരണം തുടരുമെന്നാണ് പ്രവചനം. കോൺഗ്രസ് 22 മുതൽ 28 വരെ സീറ്റിൽ ഒതുങ്ങുമെന്നും, ആപ്പിന് 1 സീറ്റ് ലഭിച്ചേക്കാമെന്നും ഒപ്പീനിയൻ പോളിൽ പറയുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന എബിപി സീ വോട്ടർ സർവേയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില് ബിജെപി അധികാര തുടർച്ച നേടുമെന്നായിരുന്നു പ്രവചനം. ഇന്നലെ പരസ്യ പ്രചാരണം അവസാനിച്ച ഹിമാചലിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. നാളെയാണ് വോട്ടെടുപ്പ്.

ഹിമാചലിൽ ബിജെപിക്ക് വേണ്ടി മുഖ്യമന്ത്രി ജയ്റാം താക്കൂറും പ്രധാനമന്ത്രി നരേന്ദ്രമോദിയുമടക്കമുള്ളവരാണ് പ്രചരണം നയിച്ചത്. മറുവശത്ത് കോൺഗ്രസിനാകട്ടെ എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് സംസ്ഥാനത്ത് ക്യാംപ് ചെയ്ത് പ്രചരണം നയിച്ചത്. മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്‍റെ ഭാര്യയായ പ്രതിഭ സിംഗാണ് സംസ്ഥാനത്തെ കോൺഗ്രസിന്‍റെ പ്രധാനമുഖം. അതേസമയം, കാടിളക്കി പ്രചാരണം തുടങ്ങിയ ആംആദ്മി പാ‌ർട്ടി ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് ചിത്രത്തിൽനിന്ന് മായുന്നെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട്. കെ ജ്രിവാളുൾപ്പടെ കേന്ദ്രനേതാക്കളാരും അവസാനഘട്ടത്തിൽ പ്രചാരണത്തിനെത്തിയില്ല. സംസ്ഥാനത്ത് ഉദ്ദേശിച്ച നേട്ടമുണ്ടാക്കാനാകില്ലെന്ന വിലയിരുത്തലിലാണ് പിൻവാങ്ങൽ. ഗുജറാത്തിൽ മാത്രം നേതാക്കൾ ശ്രദ്ധയൂന്നുന്നതില്‍ അണികളും നിരാശരാണ്. കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് ആപ്പ് ഇനി ആർക്ക് ആപ്പ് വയ്ക്കുമെന്നതാണ് നി‌ർണായകം.

Signature-ad

പഞ്ചാബിലെ മിന്നുന്ന വിജയത്തിന് പിന്നാലെ ഹിമാചലും തൂത്തുവാരാമെന്ന ലക്ഷ്യത്തിൽ പ്രവ‌ർത്തനം തുടങ്ങി രംഗത്തിറങ്ങിയതാണ് ആംആദ്മി പാർട്ടി. 68 ൽ 67 മണ്ഡലങ്ങളിലും നേരത്തെ സ്ഥാനാ‌ർത്ഥികളെയും പ്രഖ്യാപിച്ചു. ഇതോടെ ത്രികോണ പോരിന് കളമൊരുങ്ങി. എന്നാൽ ആവേശം പിന്നീട് പതിയെ പതിയെ ഇല്ലാതാകുന്നതാണ് കണ്ടത്. കാരണങ്ങൾ പലതാണ്. കോൺഗ്രസിനും ബിജെപിക്കും വലിയ സംഘടനാ സംവിധാനങ്ങളുള്ള സംസ്ഥാനത്ത് കളി എളുപ്പമല്ല. പാർട്ടിക്കകത്തും പ്രശ്നങ്ങൾ തലപൊക്കി. ഒപ്പം ഗുജറാത്തിൽ ശ്രദ്ധയൂന്നുന്നതാകും നേട്ടമുണ്ടാക്കാൻ കഴിയുകയെന്ന് നേതൃത്ത്വം വിലയിരുത്തി. ഇതോടെ ആപ്പ് പത്തി മടക്കിയെന്ന് വിലയിരുത്തലായി. കഴിഞ്ഞ ദിവസം പുറത്തുവന്ന എബിപി സീ വോട്ടർ സർവേയിൽ 3 ശതമാനം വോട്ട് മാത്രമാണ് ആപ്പ് നേടുകയെന്നാണ് പ്രവചനം. എന്നാൽ 5 മണ്ഡലങ്ങളിൽ പാർട്ടി ശക്തമായ വെല്ലുവിളിയാകുമെന്നാണ് പ്രതീക്ഷ.

Back to top button
error: