Breaking NewsNEWS

തൂക്കുപാല ദുരന്തമുണ്ടായ മോര്‍ബിയിലെ എം.എല്‍.എക്ക് ടിക്കറ്റില്ല, ഗുജറാത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥനാര്‍ഥി പട്ടിക പുറത്ത് വിട്ട് ബി.ജെ.പി. മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം 75 വയസ് പിന്നിട്ടവര്‍ക്കൊന്നും സീറ്റില്ല. കോണ്‍ഗ്രസ് വിട്ട് വന്ന എം.എല്‍.എമാര്‍ക്ക് അതത് സീറ്റുകള്‍ തന്നെ നല്‍കി. ക്രിക്കറ്റ് താരം രവീന്ദ്ര ജേഡജയുടെ ഭാര്യയും പട്ടികയില്‍ ഉണ്ട്.

ഏറെ ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ 160 പേരുടെ ആദ്യഘട്ട പട്ടികയാണ് ഡല്‍ഹി ആസ്ഥാനത്ത് ബി.ജെ.പി പുറത്ത് വിട്ടത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഖാട്‌ലോഡിയയില്‍ നിന്ന് തന്നെ മത്സരിക്കും. കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം ആമി യാഗ്‌നിക്കിനെതിരെയാണ് പോരാട്ടം. മോര്‍ബി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടി ഭയന്ന് അവിടുത്തെ സിറ്റിംഗ് എം.എല്‍.എയ്ക്ക് സീറ്റ് നിഷേധിച്ചു. നിലവിലെ തൊഴില്‍ വകുപ്പ് സഹമന്ത്രികൂടിയായ ബ്രിജേഷ് മെര്‍ജയ്ക്കാണ് സീറ്റില്ലാതായത്. കോണ്‍ഗ്രസ് വിട്ട് വന്ന ഹാര്‍ദ്ദിക് പട്ടേല്‍ പ്രതീക്ഷിച്ചപോലെ വിരംഗം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരാണ് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇതില്‍ രണ്ട് പേര്‍ക്കും ഇന്നത്തെ പട്ടികയില്‍ സിറ്റിംഗ് സീറ്റ് തന്നെ കിട്ടി. രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജാംനഗര്‍ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ബി.ജെ.പിയുടെ സിറ്റിംഗ് എം.എല്‍.എ ധര്‍മേന്ദ്ര ജഡേജയ്ക്കാണ് ഇവിടെ സീറ്റ് വിട്ട് കൊടുക്കേണ്ടി വന്നത്.

മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ തുടങ്ങി ഒരുപിടി മുതിര്‍ന്ന നേതാക്കള്‍ക്കാണ് ഇത്തവണ സീറ്റില്ലാത്തത്. പാര്‍ട്ടി തഴയുമെന്ന് അറിയാവുന്ന ഈ നേതാക്കള്‍ മത്സരിക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച് പാര്‍ട്ടിക്ക് വഴങ്ങുകയായിരുന്നു.

 

 

Back to top button
error: