LocalNEWS

മലബാര്‍ എക്സ്പ്രസ് ട്രെയിനില്‍ യുവതിയുടെ ബാഗില്‍ നിന്നും സ്വര്‍ണവും പണവും ഐഫോണും കവര്‍ന്നു, കാസര്‍കോട് റെയില്‍വെ പൊലീസ് പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി

മലബാര്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ബാഗില്‍ നിന്നും സ്വര്‍ണവും പണവും മൊബൈലും കവര്‍ന്നെന്ന സംഭവത്തില്‍ പ്രതിയെ കാസര്‍കോട് റെയില്‍വെ പൊലീസ് സമര്‍ഥമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തു.

തമിഴ്നാട് തിരുന്നല്‍വേലിയിലെ ജെ ജേക്കബിനെ(47)യാണ് കാസര്‍കോട് റെയില്‍വെ പൊലീസ് എ.എസ്.ഐ പ്രകാശന്‍, സിവില്‍ പൊലീസ് ഓഫീസര്‍ അജയന്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. കാസര്‍കോട് ട്രാഫിക് എ എസ് ഐ വിനോദ്, ട്രാഫിക് ഡ്രൈവര്‍ ദാസ് എന്നിവരുടെ സഹായവും റെയില്‍വേ പൊലീസിന് ലഭിച്ചു.

Signature-ad

എറണാകുളം സ്വദേശിനിയും പയ്യന്നൂര്‍ മണിയറയില്‍ താമസക്കാരിയുമായ ജെ പൂര്‍ണശ്രീയുടെ സ്വര്‍ണവും പണവും ഐഫോണുമാണ് മോഷ്ടിക്കപ്പെട്ടത്. എറണാകുളത്തെ സ്വന്തം വീട്ടില്‍ നിന്നും മണിയറയിലെ ഭര്‍തൃ വീട്ടിലേക്ക് ട്രെയിനില്‍ വരുമ്പോള്‍ കോഴിക്കോടിനും തലശ്ശേരിക്കുമിടയിലാണ് കവര്‍ച്ച നടന്നത്.

വസ്ത്രങ്ങളും മറ്റും അടങ്ങുന്ന വലിയ ബാഗിനുള്ളിലാണ് വാനിറ്റി ബാഗ് വച്ചിരുന്നത്. ബര്‍ത്തില്‍ സൂക്ഷിച്ച ബാഗില്‍ നിന്നും വാനിറ്റി ബാഗ് കവർന്നെടുത്ത് അതിൽ സൂക്ഷിച്ചിരുന്ന കുഞ്ഞിന്റെ ഒരു മാല, അരഞ്ഞാണം, ബ്രേസ് ലെറ്റ് എന്നിവയടക്കം മൂന്നര പവന്റെ സ്വര്‍ണവും ഫോണും പണവും എടുത്ത ശേഷം വാനിറ്റി ബാഗ് സീറ്റിനടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ക്രെഡിറ്റ് കാര്‍ഡും എടിഎം കാര്‍ഡും വാനിറ്റി ബാഗില്‍ തന്നെ ഉണ്ടായിരുന്നു എന്നും പൂര്‍ണശ്രീ പറഞ്ഞു.

ട്രെയിന്‍ കണ്ണൂരിലെത്തിയപ്പോള്‍ തന്നെ റെയില്‍ പൊലീസിന് പരാതി നല്‍കി. കേസെടുത്ത പൊലീസ് ഉടന്‍ പ്രതിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കാസര്‍കോട് റെയില്‍വേ പൊലീസിനും വിവരം നല്‍കി.

കവര്‍ച്ച ചെയ്ത ഐഫോണ്‍ സ്വിച് ഓഫ് ചെയ്യാത്തതിനാല്‍ സൈബര്‍ സെല്ലിനെ വിവരമറിയിച്ച് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കാസര്‍കോട് ഭാഗത്ത് ഫോണ്‍ ഉള്ളതായി വിവരം ലഭിച്ചു.

ഫോണ്‍ ലൊക്കേഷന്‍ പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗത്ത് നിന്നും മൊഗ്രാല്‍പുത്തൂര്‍ ഭാഗത്തേക്ക് നീങ്ങുന്നതായും മനസ്സിലായി. ഒപ്പം മോഷ്ടാവ് ബസ് യാത്രയിലാണെന്ന സൂചനയും ലഭിച്ചു. ട്രാഫിക് പൊലീസിന്റെ സഹായത്തോടെ രാവിലെ 10.30 ന് ബസ് തടഞ്ഞ് മോഷ്ടാവിനെ തൊണ്ടിമുതല്‍ സഹിതം പിടികൂടുകയായിരുന്നു.

Back to top button
error: