വ്യാജ യാത്രാരേഖകൾ നിർമ്മിച്ചു നൽകി യുവതികള നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തേക്ക് കടത്തിയ ഏജൻറ് ഒടുവിൽ പൊലീസ് വലയിൽ കുടുങ്ങി.
തമിഴ്നാട് തിരുവില്വാമല ചെങ്ങം സ്വദേശി ഫസലുള്ള (53) ആണ് എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്.
ജുൺ 15 ന് വ്യാജ യാത്രാ രേഖകളുമായി കുവൈത്തിലേക്ക് പോകുവാനെത്തിയ ഏഴ് തമിഴ്നാട്, ആന്ധ്ര സ്വദേശിനികളെ നെടുമ്പാശേരിയിൽ പിടികൂടിയിരുന്നു.
ഫസലുള്ളയാണ് ആളുകളെ കണ്ടെത്തി യാത്രാ രേഖകൾ തയ്യാറാക്കി നൽകുന്നത്.
സാമ്പത്തികമായും , വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന യുവതികളെയാണ് വിദേശത്തേക്ക് കൊണ്ടുപോകുന്നത്. വീട്ടുജോലി ആണെന്ന് ഇവരോട് പറഞ്ഞിട്ടുള്ളത്.
ടൂറിസ്റ്റ് വിസയാണ് യാത്രക്കാർക്ക് നൽകിയത്. റിട്ടൺ ടിക്കറ്റ് വ്യാജമായിരുന്നു. പാസ്പോർട്ടിലും ക്രത്രിമം നടത്തിയിട്ടുണ്ടായിരുന്നു.
വിദേശത്തെത്തിച്ച് യുവതികളെ വിദേശത്തുള്ള ഏജൻറിന് നൽകുകയായിരുന്നു ഇയാൾ ഉൾപ്പെടുന്ന സംഘത്തിന്റെ ലക്ഷ്യം.
തമിഴ്നാട്ടിലെ ഉൾഗ്രാമത്തിലാണ് ഫസലുള്ള താമസിക്കുന്നത്. ഇവിടെ യുവതികളെ എത്തിച്ച ശേഷം വിമനാത്താവളത്തിലും മറ്റും പറയേണ്ട കാര്യങ്ങൾ പഠിപ്പിച്ചാണ് കൊണ്ടുവരുന്നത്. ഇത്തരത്തിൽ നിരവധി യുവതികൾ ഇയാളുടെ ചതിയിൽപ്പെട്ട് വിദേശത്തെത്തിയിട്ടുണ്ട്.
തമിഴ്നാട് പോലീസിന്റെ സഹായത്തോടെ വളരെ സാഹസികമായാണ് ക്രൈം ബ്രാഞ്ച് ഫസലുള്ളയെ പിടികൂടിയത്.