KeralaNEWS

മേയര്‍ക്കെതിരേ കരിങ്കൊടി; മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ നഗരസഭയില്‍ ഇന്നും സംഘര്‍ഷം. നഗരസഭയ്ക്കുള്ളില്‍ ബി.ജെ.പി കൗണ്‍സിലര്‍മാരും പുറത്ത് മഹിളാമോര്‍ച്ചാ പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. ബാരിക്കേഡുകളില്‍ കയറിനിന്ന് മേയര്‍ക്കെതിരേ മുദ്രാവാക്യം വിളിക്കുകയും ശേഷം ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിക്കുകയും ചെയ്ത പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

കഴിഞ്ഞദിവസം നഗരസഭയ്ക്കുള്ളില്‍ പ്രതിഷേധക്കാര്‍ എത്തിയിരുന്നു. ഈ സാഹചര്യം തടയാനാണ് പോലീസ് ഇന്ന് മുന്‍കൂട്ടി ബാരിക്കേഡുകള്‍ സ്ഥാപിച്ചത്. സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയര്‍ ആര്യ രാജേന്ദ്രന്‍ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘര്‍ഷസാധ്യത മുന്നില്‍കണ്ടുകൊണ്ട് പോലീസ് സന്നാഹത്തോടൊപ്പമാണ് ഇന്ന് രാവിലെ മേയര്‍ ആര്യ രാജേന്ദ്രന്‍ നഗരസഭയില്‍ പ്രവേശിച്ചത്.

തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 ജീവനക്കാരുടെ നിയമനത്തില്‍ പാര്‍ട്ടിയുടെ മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറിക്ക് ആര്യ രാജേന്ദ്രന്‍ നല്‍കിയതെന്നപേരില്‍ പുറത്തുവന്ന കത്താണ് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്.

 

 

Back to top button
error: