KeralaNEWS

ഗവര്‍ണര്‍ക്ക് പകരം മന്ത്രിമാരെയും വിദ്യാഭ്യാസ വിദഗ്ധരെയും ചാന്‍സലറാക്കാമെന്ന് നിയമോപദേശം

ന്യൂഡല്‍ഹി: കേരളത്തിലെ മുഴുവന്‍ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാമെന്ന് സംസ്ഥാന സര്‍ക്കാരിന് മുതിര്‍ന്ന ഭരണഘടന വിദഗ്ധരില്‍നിന്ന് നിയമോപദേശം. മുന്‍ അറ്റോര്‍ണി ജനറല്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

ഗവര്‍ണര്‍ക്ക് പകരം വകുപ്പ് മന്ത്രിമാരെ ചാന്‍സലറായി നിയമിക്കുക എന്നതാണ് നിയമോപദേശത്തിലെ ഒരു ശിപാര്‍ശ. അതല്ലെങ്കില്‍ സ്ഥിരം സംവിധാനം ഉണ്ടാകുന്നത് വരെ ചാന്‍സലറുടെ താത്കാലിക ചുമതല വിദ്യാഭ്യാസ വിദഗ്ദ്ധര്‍ക്ക് കൈമാറാം. എന്നാല്‍, ചാന്‍സലര്‍മാരാകുന്ന വിദ്യാഭ്യാസ വിദഗ്ദര്‍ക്ക് ശമ്പളം ഉള്‍പ്പടെയുള്ള പ്രതിഫലം നല്‍കില്ല. അധികസാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനാണ് ഇത്തരമൊരു നിര്‍ദേശമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Signature-ad

പശ്ചിമ ബംഗാളില്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സര്‍വകലാശാലകളില്‍ മുഖ്യമന്ത്രിയെ ചാന്‍സലര്‍ ആക്കികൊണ്ടുള്ള ബില്ല് ബംഗാള്‍ നിയമസഭ പാസാക്കിയിരുന്നു. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കി കൊണ്ടാണ് മുഖ്യമന്ത്രിയെ ചാന്‍സലര്‍ ആക്കിയത്. സമാനമായ രീതിയില്‍ കേരളത്തിലും ബില്ല് പാസാക്കുന്നതിനെ സംബന്ധിച്ചാണ് സര്‍ക്കാര്‍ നിയമ ഉപദേശം തേടിയിരുന്നത്. എന്നാല്‍, വിവിധ കേന്ദ്ര നിയമങ്ങളും ചട്ടങ്ങളും കോടതി വിധികളും കണക്കിലെടുത്താണ് ഭരണഘടന വിദഗ്ദ്ധര്‍ സര്‍ക്കാറിന് രണ്ട് ശിപാര്‍ശകള്‍ അടങ്ങിയ നിയമ ഉപദേശം കൈമാറിയത്. ഏത് ശിപാര്‍ശ അംഗീകരിക്കണമെന്നത് സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.

Back to top button
error: