KeralaNEWS

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: സ്വത്ത് കണ്ടുകെട്ടാന്‍ നീക്കം തുടങ്ങി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. പോപ്പുലര്‍ ഫ്രണ്ടിന്റേയും സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിന്റേയും സ്വത്തുക്കള്‍ കണ്ടുക്കെട്ടാനാണ് നീക്കം. പി.എഫ്.ഐ. കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും നടന്ന റെയ്ഡില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടാണ് നടപടി.

ഹര്‍ത്താലിന് നേതൃത്വം നല്‍കിയ നേതാക്കളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി. ഹൈക്കോടതിയിലുള്ള കേസിലെ 12, 13 കക്ഷികളാണ് പോപ്പുലര്‍ ഫ്രണ്ടും അബ്ദുള്‍ സത്താറും. ഇവരുടെ സ്വത്തുവിവരം തേടി രജിസ്ട്രേഷന്‍ ഐ.ജിക്ക് സംസ്ഥാന പോലീസ് മേധാവി കത്ത് നല്‍കി. കത്തിന് ലഭിക്കുന്ന മറുപടി അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍. ഇവരുടെ സ്വത്തുക്കള്‍ ഏതാണെന്ന് പരിശോധിക്കും. തുടര്‍ന്നായിരിക്കും കണ്ടുകെട്ടലിലേക്ക് കടക്കുക.

Signature-ad

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലില്‍ നടന്ന ആക്രമണങ്ങളില്‍ 86,61,775 രൂപയുടെ പൊതുമുതല്‍ നഷ്ടം ഉണ്ടായെന്നും സ്വകാര്യ വ്യക്തികള്‍ക്ക് 16,13,020 രൂപയുടെ നാശനഷ്ടം ഉണ്ടായെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ആക്രമണങ്ങളുടെ പേരില്‍ കഴിഞ്ഞ രണ്ട് വരെ 342 കേസുകളിലായി 2905 പേരെ അറസ്റ്റ് ചെയ്തു. കേന്ദ്ര നിരോധനത്തിന്റേയും യു.എ.പി.എ കേസുകളുടേയും പശ്ചാത്തലത്തില്‍ വ്യാപകമായി റെയ്ഡ് നടത്തിയെന്നും ഓഫീസുകള്‍ പലതും മുദ്ര വച്ചെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ. റൗഫുമായി എന്‍.ഐ.എ. സംഘം തെളിവെടുപ്പ് നടത്തി. പാലക്കാട് എസ്.പി. ഓഫീസിലെത്തിച്ചാണ് തെളിവെടുപ്പ്. നിരോധിനത്തിന് പിന്നാലെ പി.എഫ്.ഐ. ബന്ധമുള്ളവര്‍ക്ക് ഒളിയിടം ഒരുക്കിക്കൊടുത്തു, വിദേശ ഫണ്ട് സ്വരൂപിച്ചു എന്നീ കണ്ടെത്തലുകള്‍ക്ക് പിന്നാലെയാണ് റൗഫിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ വധിക്കാന്‍ ലക്ഷ്യമിട്ട ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയതിലും റൗഫിന് പങ്കുണ്ടെന്നും എന്‍.ഐ.എ. കണ്ടെത്തി. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദേശബന്ധം, പ്രവര്‍ത്തനങ്ങള്‍ എന്നിവയിലും റൗഫിനുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കും.

പാലക്കാട് ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്ന ശ്രീനിവാസന്‍ വധക്കേസ് എന്‍.ഐ.എ. ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്. സി.എ. റൗഫിനേയും എസ്.ഡി.പി.ഐ. സംസ്ഥാന സമിതി അംഗം യഹിയ കോയ തങ്ങളേയും പ്രതിചേര്‍ത്തു. പി.എഫ്.ഐയുമായി ബന്ധപ്പെട്ട കേസില്‍ യഹിയ കോയ തങ്ങള്‍ നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിയില്‍ അതീവസുരക്ഷാ ജയിലിലാണ്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സുബൈര്‍ കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസമാണ് ശ്രീനിവാസന്‍ വധം. സുബൈര്‍ കൊല്ലപ്പെട്ട ദിവസം ജില്ലാ ആശുപത്രിയില്‍ ഉണ്ടായിരുന്നപ്പോള്‍ അവിടെ വെച്ച് വധഗൂഢാലോചന നടത്തിയെന്നാണ് റൗഫിനെതിരെ ചുമത്തിയ കുറ്റം.

 

Back to top button
error: