മലപ്പുറം: അരീക്കോട് പൊലീസ് സ്റ്റേഷനില്‍ തള്ളിക്കയറി കൃത്യനിര്‍വഹണം തടസപ്പെടുത്തിയ സിപിഎമ്മുകാര്‍ക്കെതിരെ മൂന്ന് ദിവസമായിട്ടും കേസെടുക്കാത്തതില്‍ പ്രതിഷേധം. കോളേജ് സമരവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത എസ്എഫ്ഐക്കാരെ വിട്ടയപ്പിക്കാനായിരുന്നു സിപിഎം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സ്റ്റേഷനികത്തേക്ക് തള്ളിക്കയറിയത്. പൊലീസുകാരെ തള്ളിമാറ്റി അസഭ്യം പറയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികകള്‍ തള്ളിയതിനെതിരെ കാവന്നൂര്‍ എംഎഒ കോളേജില്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചിരുന്നു. തുടര്‍ന്ന് പൊലീസെത്തി എസ്എഫ്ഐക്കാരെ കസ്റ്റഡിയിലെടുത്തു. ഇവരെ വിട്ടുകിട്ടാനാണ് അരീക്കോട് സ്റ്റേഷനിലേക്ക് സിപിഎമ്മുകാര്‍ ഇരച്ചെത്തിയത്. നിരപരാധികളായ കുട്ടികളെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു എന്നായിരുന്നു ആരോപണം.
അരമണിക്കൂറോളം സ്റ്റേഷനികത്ത് ബഹളമുണ്ടാക്കിയ പ്രവര്‍ത്തകര്‍ പൊലീസുകാരെ തള്ളിമാറ്റുന്നതും അസഭ്യം പറയുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. മുന്‍ പൊലീസ് ഉദ്യോഗസ്ഥനും ഏരിയ സെക്രട്ടറിയുമായ ഭാസ്കരന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തിയത്. കസ്റ്റഡിയിലെടുത്ത എസ്എഫ്ഐക്കാര്‍ക്കെതിരെ കേസെടുത്ത പൊലീസ് പിന്നീട് വിട്ടയച്ചു. സിപിഎമ്മുകാര്‍ പൊലീസുകാരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിട്ടും കുറ്റക്കാര്‍ക്കെതിരെ ചെറുവിരലനക്കിയിട്ടില്ല. ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് നടപടിയെടുക്കാന്‍ പൊലീസ് മടിക്കുന്നത്. പ്രാദേശിക ലീഗ് നേതൃത്വം എസ്പിക്ക് പരാതി നല്‍കിയിട്ട് രണ്ട് ദിവസമായി.