IndiaNEWS

സാമ്പത്തിക സംവരണകേസ്; സുപ്രീംകോടതി വിധി ഇന്ന്

ദില്ലി: സാമ്പത്തിക സംവരണകേസിൽ സുപ്രീം കോടതിയുടെ  നിർണ്ണായക വിധി ഇന്ന്. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം. ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് ദിനേഷ് മഹേശ്വരി എന്നിവർ ചേർന്ന് ഒരു വിധിയും ജസ്റ്റിസ് രവീന്ദ്ര ബട്ട്, ബേല എം ത്രിവേദി, ജെ ബി പർദ്ദിവാലാ എന്നിവർ ചേർന്ന് മറ്റൊരു വിധി പ്രസ്താവവും നടത്തും. നേരത്തെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഒരാഴ്ച്ചയോളമാണ് കേസിൽ വാദം കേട്ടത്. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്താണ് ഹർജികൾ എത്തിയത്.

സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103-ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹർജിക്കാർ മുന്നോട്ട് വച്ച പ്രധാനവാദം. ഭേദഗതിയുടെ ഭരണഘടന സാധുത അടക്കം മൂന്ന് വിഷയങ്ങളാണ് സുപ്രീം കോടതി പരിഗണിച്ചത്. എസ്എൻഡിപി, ഡിഎംകെ, വിവിധ പിന്നോക്ക സംഘടനകൾ എന്നിവയടക്കം കോടതിയെ സമീപിച്ചിരുന്നു. കേരളത്തിൽ നിന്ന മുന്നോക്ക സമുദായ മുന്നണി ഉൾപ്പെടെ സംഘടനകളും കേസിൽ കക്ഷി ചേർന്നിരുന്നു.

Signature-ad

എന്താണ് 103ആം ഭേദഗതി ?

  • 2019 ജനുവരി 12നാണ് കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയുടെ 15, 16 അനുഛേദങ്ങളിൽ ഭേദഗതി കൊണ്ടുവന്നത്
  • തുല്യതയ്ക്കും സംവരണത്തിനുള്ള അവകാശത്തെക്കുറിച്ച് പറയുന്ന അനുഛേദങ്ങളിലാണ് കേന്ദ്ര ഭേദഗതി
  • ഈ ഭേദഗതിയോടെ പൊതു വിഭാഗങ്ങളിൽ പിന്നോക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം ലഭ്യമായി
  • വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തില്‍ താഴെയുള്ളവരെയാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരായി  നിർവച്ചിച്ചത്.
  • സര്‍ക്കാര്‍ ജോലികൾക്കും  എയ്ഡഡും അല്ലാത്തതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുതിയ സംവരണ വ്യവസ്ഥയുടെ പരിധിയിൽ വന്നു
  • ന്യൂനപക്ഷ പദവിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കി

തുടക്കം

  • യുപിഎ സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്റെ ശുപാര്‍ശകളാണ് ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനം
  • 2005 മാര്‍ച്ചിലാണ് യുപിഎ സര്‍ക്കാര്‍ റിട്ട. മേജര്‍ ജനറല്‍ എസ് ആര്‍ സിന്‍ഹോ തലവനായി കമ്മീഷനെ നിയോഗിച്ചത്.
  • 2010ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2019ൽ സാമ്പത്തിക സംവരണം നടപ്പാക്കുന്നത്.

നിയമവ്യവഹാരങ്ങളുടെ നാൾവഴി

  •  2019 ജനുവരി 9നാണ്,  പാർലമെന്റ് ഭരണഘടന (നൂറ്റിമൂന്നാം ഭേദഗതി) നിയമം നടപ്പാക്കുന്നത്
  • 2019 ജനുവരി 10ന് ഇത് ചോദ്യം ചെയ്ത് യൂത്ത് ഫോർ ഇക്വാലിറ്റിയുടെ  ആദ്യ റിട്ട് ഹർജി
  • 2019 ജനുവരി 12ന് നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം
  • 2019 മാർച്ച് 12 മൂന്നംഗ ബെഞ്ച്  വാദം കേൾക്കൽ
  • 2019 ഓഗസ്റ്റ് 5 ഭരണഘടന ബെഞ്ചിന് ഹർജി വിടുന്നു
  • 2022 സെപ്തംബർ 13ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് വാദം കേൾക്കൽ തുടങ്ങി

കോടതിയിൽ നടന്നത് 

  • ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകർക്കുന്നതാണ് ഭേദഗതിയെന്നാണ് ഹർജിക്കാരുടെ വാദം
  • 1992ലെ ഇന്ദ്ര സാഹ്നി കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണിത്
  • പിന്നാക്ക വിഭാഗത്തെ നിര്‍വചിക്കാന്‍ സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രം അടിസ്ഥാനമാക്കരുതെന്ന ഉത്തരവായിരുന്നു അത്
  • സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയെന്നത് സംസ്ഥാനങ്ങളുടെ കടമയെന്ന് സര്‍ക്കാര്‍ വാദം
  • ഇന്ദ്ര സാഹ്നി കേസിനെ പരാമര്‍ശിച്ചുള്ള വാദങ്ങളില്‍, 2008ല്‍ അശോക് കുമാര്‍ താക്കൂര്‍ കേസില്‍. ജാതിയും സാമ്പത്തികാവസ്ഥയും കണക്കിലെടുത്താണ് ഒബിസിയെ നിര്‍വചിച്ചതെന്ന് കോടതി പരാമർശം സർക്കാർ ആയുധമാക്കി

ഭരണഘടന ബെഞ്ച് പരിശോധിച്ച വിഷയങ്ങൾ

  • സാമ്പത്തിക പിന്നാക്കാവസ്ഥയെ മാത്രം അടിസ്ഥാനമാക്കിയുള്ള സംവരണം ഭരണഘടനാപരമായി സാധുതയുള്ളതാണോ?
  • EWS അടിസ്ഥാനമാക്കിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ സംവരണം സാധുവാണോ?
  • EWS എന്നതിന്റെ നിർവചനത്തിൽ നിന്ന് SC, ST, OBC എന്നിവരെ ഈ നിയമം ഒഴിവാക്കുന്നു. അത് ഭരണഘടനാപരമായി സാധുതയുള്ളതാണോ?

Back to top button
error: