തിരുവനന്തപുരം: ബാലരാമപുരത്ത് ബൈക്കിലെത്തി മെഡിക്കൽ സ്റ്റോർ ജീവനക്കാരിയുടെ മൂന്നര പവൻറെ മാലപ്പൊട്ടിച്ച് കടന്ന സംഭവത്തിൽ മൂന്നു പേർ പിടിയിൽ. മലയിൻകീഴ് അന്തിയൂർക്കോണം ലക്ഷംവീട് കോളനിയിൽ ശ്രീകുട്ടൻ എന്ന് വിളിക്കുന്ന അരുൺ(24), അന്തിയൂർക്കോണം പുല്ലുവിള കിഴക്കേക്കര പുത്തൻവീട്ടിൽ നന്ദു എന്ന രതീഷ്(24), പെരുകുളം ബഥനിപുരം ചെവിയൻകോട് വടക്കിൻകര പുത്തൻവീട്ടിൽ മനോജ്(22) എന്നിവരാണ് പിടിയിലായത്.
ഒക്ടോബർ 21 ന് വൈകിട്ട് 6.20ന് താന്നിവിള ഉത്രാടം മെഡിക്കൽ സ്റ്റോറിലായിരുന്നു കവർച്ച. എരുത്താവൂർ ഉത്രം വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ഗോപിക(25)യുടെ മാലയാണ് കവർന്നത്. മുൻകൂട്ടി മെഡിക്കൽ സ്റ്റോറിലെത്തിയ പ്രതികൾ ജീവനക്കാരി മാത്രമാണ് ഉള്ളതെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു കവർച്ച നടത്തിയത്. ഒന്നാം പ്രതി അരുൺ പാരസെറ്റമോൾ ഗുളിക ആവശ്യപ്പെട്ടാണ് എത്തിയത്. ബാക്കി തുകക്ക് ആവശ്യപ്പെട്ട മിഠായി എടുക്കുന്നതിനിടെയായിരുന്നു കവർച്ച.
ബൈക്ക് സ്റ്റാർട്ട് ചെയ്ത് നിർത്തിയിരുന്ന രണ്ടാം പ്രതി രതീഷിനൊപ്പം കടന്നു കളയുകയായിരുന്നു. കടയിലെ സിസിടിവി യിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് അന്വേഷണം പുരോഗമിച്ചത്. രണ്ടാം പ്രതി നടത്തുന്ന ബൈക്ക് വർക്ക്ഷോപ്പിൽ പണിക്ക് കൊണ്ടു വന്ന ബൈക്കിലാണ് ഇരുവരും കവർച്ചക്കെത്തിയത്. മൂന്നാം പ്രതി മനോജാണ് മോഷണമുതൽ വിറ്റ് നൽകിയത്. മറ്റ് പൊലീസ് സ്റ്റേഷനുകളിലും ഇവർക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.