രാജമുണ്ട്രി: പ്രണയത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ വിദ്യാർഥിയെ സഹപാഠികൾ ഹോസ്റ്റലിൽവെച്ച് ക്രൂരമായി മർദ്ദിച്ചു. എൻജിനീയറിങ് വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ആന്ധ്രയിലെ ഭീമാവരത്താണ് സംഭവം. അങ്കിത് എന്ന വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. വടിയും പിവിസി പൈപ്പും ഉപയോഗിച്ചാണ് മർദ്ദിച്ചത്.
ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചതായും സംശയമുണ്ട്. വിദ്യാർഥിയുടെ ഷർട്ട് അഴിപ്പിക്കുകയും മാപ്പ് പറയിപ്പിക്കുന്നതും വീഡിയോയിൽ കാണാം. വിദ്യാർഥിയുടെ ദേഹമാസകലം ഗുരുതര പരിക്കേറ്റു. മൂന്ന് പേർ മർദ്ദിക്കുകയും ഒരാൾ വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. പ്രവീൺ, പ്രേംകുമാർ, സ്വരൂപ്, നീരജ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ അഞ്ച് പേരും എസ്ആർകെആർ കോളജിലെ ബിടെക് രണ്ടാം വർഷ വിദ്യാർഥികളാണെന്ന് പൊലീസ് പറഞ്ഞു.
നഗരത്തിലെ സ്വകാര്യ ഹോസ്റ്റലിലാണ് താമസിക്കുന്നത്. പരിക്കേറ്റ വിദ്യാർഥിയെ ഭീമാവരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദിച്ചവരിൽ ഒരാൾക്ക് പ്രണയമുണ്ടായിരുന്ന പെൺകുട്ടി അങ്കിതുമായി അടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയോട് അടുക്കരുതെന്ന് പറഞ്ഞാണ് നാല് പേരും മർദ്ദിച്ചത്. സംഭവം വിദ്യാർഥി കോളേജിലോ വീട്ടിലോ പറഞ്ഞിരുന്നില്ല. വീഡിയോ പ്രചരിച്ചതോടെ സംഭവം പുറത്തറഞ്ഞു. ആദ്യം ആറ് പേരെയും സസ്പെൻഡ് ചെയ്തെങ്കിലും പിന്നീട് മർദ്ദനമേറ്റ വിദ്യാർഥിയെ തിരിച്ചെടുത്തു.
കഴിഞ്ഞ ദിവസം വിശാഖപ്പട്ടണത്ത് അയൽവാസിയായ യുവാവിനെ മകൾ പ്രണയിച്ചത് ഇഷ്ടമാകാത്ത കാരണത്താൽ ആംബുലൻസ് ഡ്രൈവർ 16കാരിയെ കൊലപ്പെടുത്തിയിരുന്നു. ആന്ധ്രപ്രദേശിലെ വിശാഖപ്പട്ടണത്താണ് സംഭവം. കൊലപാതകത്തിന് പിന്നാലെ പിതാവ് ഫേസ്ബുക്കിൽ കുറ്റസമ്മതം നടത്തി. സംഭവത്തിൽ ആംബുലൻസ് ഡ്രൈവറായ വരപ്രസാദിനെ അറസ്റ്റ് ചെയ്തു. നികിത ശ്രീയാണ് കൊല്ലപ്പെട്ടത്. പ്രണയത്തെ തുടർന്ന് മകൾ പഠനത്തിൽ ശ്രദ്ധിക്കാതായതോടെയാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ വീഡിയോയിൽ പറഞ്ഞു. പഠിക്കാനവശ്യമായ എല്ലാ സൗകര്യങ്ങളും മകൾക്ക് ചെയ്ത് കൊടുത്തെന്നും എന്നാൽ മകൾ പഠനത്തിൽ ശ്രദ്ധിച്ചില്ലെന്നും ഇയാൾ പറഞ്ഞു.