CrimeNEWS

ദളിത് യുവതിയെ മന്ത്രവാദിനിയെന്നാരോപിച്ച് നാട്ടുകാർ ജീവനോടെ അ​ഗ്നിക്കിരയാക്കി; യുവതിയെ രക്ഷിക്കാനെത്തിയ പൊലീസുകാരെയും ആക്രമിച്ചു

പട്ന: മന്ത്രവാദിനിയെന്നാരോപിച്ച് യുവതിയെ നാട്ടുകാർ ജീവനോടെ അ​ഗ്നിക്കിരയാക്കി. ബിഹാറിലെ ​ഗയാ ജില്ലയിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസുകാരെയും നാട്ടുകാർ ആക്രമിച്ചു. ദളിത് യുവതിയാണ് കൊല്ലപ്പെട്ടത്. ഉയർന്ന സമുദായത്തിലുള്ളവരാണ് കേസിലെ പ്രതികൾ. ഝാർഖണ്ഡിലെ വനപ്രദേശവുമായി അതിർത്തി പങ്കിടുന്ന പച്മാ ​ഗ്രാമത്തിലാണ് സംഭവം. യുവതിയെ രക്ഷിക്കാനെത്തിയ പൊലീസുകാരെ നാട്ടുകാർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. 45കാരിയായ റിതാദേവിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വിവിധ വകുപ്പുകൾ ചുമത്തി ഒമ്പത് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിലുൾപ്പെട്ട പുരുഷന്മാർക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്.

ഒരുമാസം മുമ്പ് ​ഗ്രാമത്തിലെ പരമേശ്വർ ഭുയിയാൻ‌ എന്നയാൾ മരിച്ചിരുന്നു. ഇയാളെ റിതാദേവി മന്ത്രവാദത്തിലൂടെ കൊലപ്പെടുത്തിയതാണെന്ന് നാട്ടുകാർ ആരോപിച്ചു. ശനിയാഴ്ച പരമേശ്വറിന്റെ വീട്ടുകാർ ഝാർഖണ്ഡിൽ നിന്ന് ഒരു മന്ത്രവാദിയെ വിളിച്ചുവരുത്തി. മന്ത്രവാദം നടത്തി, നാട്ടുകാരുടെ മുന്നിൽ വച്ച് റിതാദേവിയെ കുറ്റം സമ്മതിപ്പിക്കാമെന്നാണ് ഇയാൾ അവകാശപ്പെട്ടത്. എന്നാൽ, സ്ഥലത്ത് സംഘർഷാവസ്ഥ കണ്ടതോടെ മന്ത്രവാദി തിരികെപ്പോയി. പക്ഷേ, നാട്ടുകാർ ആയുധങ്ങളുമായി റിതാദേവിയുടെ വീട് വളയുകയും റിതാ ദേവിയെ ആക്രമിക്കുകയുമായിരുന്നു.

Signature-ad

റിതാദേവിയുടെ വീട്ടിലെ പുരുഷന്മാരെല്ലാം കാട്ടിലേക്ക് ഓടിയൊളിച്ചിരുന്നു. റിതാദേവി വീട്പൂട്ടി അകത്തിരിക്കുകയായിരുന്നു. വീടിന്റെ പൂട്ട് പൊളിച്ച് റിതാദേവിയെ കടുത്ത മർദ്ദനങ്ങൾക്കിരയാക്കിയശേഷം നാട്ടുകാർ അവരെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഇതിനിടെ, റിതാദേവിയുടെ ഭർത്താവും കുട്ടികളും പൊലീസിന്റെ സഹായം തേടി. പൊലീസ് എത്തിയപ്പോഴും നാട്ടുകാർ അക്രമം തുടരുകയായിരുന്നു. പിന്നീടാണ് കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചത്.

Back to top button
error: