തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനെതിരെ ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് പരാതിയില്‍ പറയുന്നു. ദേശീയ സമിതിയംഗമായ ജെ.എസ്. അഖിലാണ് പരാതി നല്‍കിയത്.
തിരുവനന്തപുരം കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ ലിസ്റ്റ് ചോദിച്ച് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനു മേയര്‍ ആര്യ അയച്ച കത്ത് പുറത്തായതിനു പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് നടപടി. കത്തു പുറത്തായതിനു പിന്നാലെ മേയര്‍ക്കും സി.പി.എമ്മിനുമെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.
കോര്‍പറേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസും ബി.ജെ.പിയും നടത്തിയ പ്രതിഷേധപ്രകടനങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. കോര്‍പറേഷനിലെ നിയമനങ്ങള്‍ പാര്‍ട്ടിക്ക് തീറെഴുതി നല്കിയ മേയര്‍ രാജിവയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി എന്ന സ്ഥാനത്തേക്ക് മേയര്‍ എത്തി. കോര്‍പറേഷനില്‍ ഇതുവരെ നടന്ന എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ഷാഫി പറഞ്ഞു.