LocalNEWS

ദളിത് വിദ്യാര്‍ഥിനിയെ സി.ഐ. മര്‍ദിച്ചതായി പരാതി; സംഭവം മാതാപിതാക്കളെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍

തൃശൂര്‍: ദളിത് വിദ്യാര്‍ഥിനിയെ അതിരപ്പിള്ളി സി.ഐ. അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. അതിരപ്പിള്ളി സ്വദേശിനിയായ 20 വയസുകാരി നിയമവിദ്യാര്‍ഥി ബുധനാഴ്ച വൈകിട്ട് ചാലക്കുടി കൂടപ്പുഴയില്‍നിന്ന് ഓട്ടോയില്‍ പോകവേ, അതിരപ്പിള്ളി എസ്.എച്ച്.ഒ. ലൈജുമോന്‍ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. ചാലക്കുടിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായ വിദ്യാര്‍ഥിനി പോലീസില്‍ പരാതി നല്‍കി. അച്ഛന്‍ മനോജിന്റെയും അമ്മ സിന്ധുവിന്റെയും പേരില്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാന്‍ വന്നപ്പോഴാണ് സംഭവം നടന്നതെന്നാണ് വിദ്യര്‍ഥിനിയുടെ പരാതിയില്‍ പറയുന്നത്.

വഴിയോരക്കച്ചവടക്കാരായ മനോജും ഭാര്യ സിന്ധുവും തൊട്ടടുത്ത കടയുടമകളായ ദമ്പതിമാരുമായി തര്‍ക്കമുണ്ടായിരുന്നു. ഈ സംഭവത്തില്‍ മനോജിനും സിന്ധുവിനുമെതിരേ വധശ്രമത്തിന് അതിരപ്പിള്ളി പോലീസ് കേസെടുത്തു. തുടര്‍ന്ന് ഇരുവരും ഒളിവിലായി. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവുമായി വരുന്നതിനിടെയാണ് സംഭവമെന്നാണ് ആരോപണം. ഓട്ടോയില്‍ വരുകയായിരുന്ന മനോജിനെയും സിന്ധുവിനെയും വാഹനം തടഞ്ഞ് പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന മകള്‍ ഹൈക്കോടതി ഉത്തരവ് കാണിച്ചു കൊടുക്കുന്നതിനിടയിലാണ് സംഭവമെന്നാണ് വിശദീകരണം.

Signature-ad

അതിരപ്പിള്ളി സ്റ്റേഷനില്‍ വധശ്രമവുമായി ബന്ധപ്പെട്ട് മനോജിന്റെയും ഭാര്യ സിന്ധുവിന്റെയും പേരിലുള്ള കേസില്‍ സിന്ധുവിന് മാത്രമാണ് അറസ്റ്റ് ചെയ്യരുതെന്ന ഹൈക്കോടതി ഉത്തരവുള്ളതെന്നാണ് അതിരപ്പിള്ളി പോലീസിന്റെ വിശദീകരണം. നിയമം വിട്ട് മറ്റൊന്നും ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.

 

 

Back to top button
error: