NEWS

നിലമ്പൂർ – നഞ്ചൻകോട് പാതയ്ക്ക് എന്തുപറ്റി?

ബംഗളൂരു-കൊച്ചി ഇടനാഴിയായാണ് നിലമ്പൂർ – നഞ്ചൻകോട് പാത വിഭാവനം ചെയ്തത്.കേരളത്തില്‍ നിലമ്പൂര്‍ വരെ എത്തിനില്‍ക്കുന്ന പാതയും കര്‍ണാടകയില്‍ നഞ്ചന്‍കോട് വരെ എത്തി നില്‍ക്കുന്ന പാതയും കൂട്ടിമുട്ടിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.കേന്ദ്രസര്‍ക്കാരിന്റെ പിങ്ക് ബുക്കില്‍ വരെ ഇടം പിടിച്ചിട്ടും പിന്നീട് പദ്ധതിക്ക് യാതൊരു നീക്കുപോക്കുമുണ്ടായില്ല.
1927 ൽ ബ്രിട്ടിഷുകാരുടെ കാലത്താണ് ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍ പാതയുടെ നിര്‍മാണം പൂര്‍ത്തിയായത്.നിലമ്പൂരും നഞ്ചന്‍കോടും ബന്ധിപ്പിച്ച് കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലൂടെ ഉത്തരേന്ത്യയിലേക്കുള്ള ഗതാഗതം സുഗമമാക്കുകയായിരുന്നു ബ്രിട്ടിഷുകാരുടെ ലക്ഷ്യം.എന്നാല്‍ രണ്ടാം ഘട്ടമായി ഉദ്ദേശിച്ചിരുന്ന നിലമ്പൂര്‍-നഞ്ചന്‍കോട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.പിന്നീട് ബ്രിട്ടിഷുകാര്‍ ഇന്ത്യ വിട്ടതോടെ പദ്ധതിയും ഉപേക്ഷിക്കപ്പെട്ടു.
 2002 ലാണ് പദ്ധതിക്കായി വീണ്ടും ശ്രമങ്ങള്‍ ആരംഭിച്ചത്. ഒ.രാജഗോപാല്‍ കേന്ദ്ര റയിൽവേ സഹമന്ത്രിയായിരുന്നപ്പോള്‍ നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയുടെ സര്‍വേക്ക് ഉത്തരവിട്ടു.രാഷ്ട്രീയ വടംവലികള്‍ മൂലം സര്‍വേ നീണ്ടുപോയി. ചര്‍ച്ചകള്‍ക്കും ഇടപെടലുകള്‍ക്കുമൊടുവില്‍ വീണ്ടും 2013 ല്‍ സര്‍വേക്ക് ഉത്തരവായി.സാധ്യതാ പഠനത്തിനായി ഡോ. ഇ. ശ്രീധരനെയാണ് നിയോഗിച്ചത്.
 2016-17 ബജറ്റില്‍ പാത അനുവദിച്ചുകൊണ്ട് ഉത്തരവായി. രാജ്യത്തെ 30 പദ്ധതികള്‍ക്കായി 58,274 കോടി രൂപ അനുവദിച്ചു കൊണ്ട് പിങ്ക് ബുക്കില്‍ ചേര്‍ത്തതില്‍ 3000 കോടി നഞ്ചന്‍കോട് നിലമ്പൂര്‍ പദ്ധതിക്കായി വകയിരുത്തി.തുടര്‍ന്ന് ഡിഎംആര്‍സി (ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍) സര്‍വേ നടപടികള്‍ തുടങ്ങി.
2016 ജൂണ്‍ 24ന് എല്‍ഡിഎഫ് സര്‍ക്കാര്‍ സര്‍വേക്കായി എട്ടു കോടി രൂപ അനുവദിച്ചു.ഡിഎംആര്‍സി പ്രാരംഭ ജോലികള്‍ ആരംഭിക്കുകയും ചെയ്തു.എന്നാൽ ആദ്യഘട്ടമായി രണ്ടു കോടിയെങ്കിലും കൈമാറണമെന്ന് ഡിഎംആര്‍സി ആവശ്യപ്പെട്ടുവെങ്കിലും സംസ്ഥാന ഗതാഗത വകുപ്പ് പണം കൊടുത്തില്ല. പലവട്ടം ഡിഎംആര്‍സി തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടായില്ല.ഇതോടെ ഡിഎംആര്‍സി പദ്ധതിയില്‍നിന്നു പിൻമാറുകയായിരുന്നു.

156 കിലോമീറ്ററാണ് നിലമ്പൂര്‍- നഞ്ചന്‍കോട് പാതയുടെ ദൈർഘ്യം. മൈസൂരുവിനടുത്തുള്ള നഞ്ചന്‍കോട് നിന്നു ചിക്കബര്‍ഗി- വള്ളുവാടി- മീനങ്ങാടി- കല്‍പറ്റ- മേപ്പാടി- വെള്ളരിമല വഴി നിലമ്പൂര്‍ എത്തും.വനമേഖലകളിൽ തുരങ്ക പാതയാണ് നിര്‍ദേശിച്ചിട്ടുള്ളത്.പാതയുടെ നിര്‍മാണം പൂര്‍ത്തിയായാല്‍ കൊച്ചിയില്‍നിന്നു ബെംഗളൂരുവിലേക്ക് യാത്രാദൂരം 137 കിലോമീറ്ററും മൈസൂരുവിലേക്ക് 479 കിലോമീറ്ററും കുറയും.

 ബംഗളൂരുവില്‍നിന്നു ഷൊര്‍ണൂരെത്താൻ ഇപ്പോഴെടുക്കുന്ന പത്തു മണിക്കൂര്‍ അഞ്ചു മണിക്കൂറായി കുറയും.മാത്രമല്ല, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു ചരക്കുനീക്കത്തിന് ആറു മണിക്കൂര്‍ വരെ സമയവും ലാഭിക്കുവാൻ സാധിക്കും.ഹൈദരബാദ്, വിശാഖപട്ടണം, ഭുവനേശ്വർ, കൊൽക്കത്ത, നാഗ്പൂർ, ഭോപ്പാൽ, ഡൽഹി തുടങ്ങിയ നഗരങ്ങളിലേക്കുള്ള യാത്രാസമയത്തിലും അഞ്ചു മണിക്കൂറോളം കുറവുണ്ടാകും.

Back to top button
error: