ഷൊര്‍ണൂര്‍: ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടയാളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മുങ്ങല്‍വിദഗ്ധന്‍ മരിച്ചു. ഷൊര്‍ണൂര്‍ തെരുവില്‍ നമ്പന്‍തൊടി രാമകൃഷ്ണന്‍ (62) ആണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറും മുന്‍ നഗരസഭാ കൗണ്‍സിലറുമാണ്.
ബുധനാഴ്ച വൈകിട്ട് പുഴയില്‍ കുളിക്കാനിറങ്ങിയയാള്‍ ഒഴുക്കില്‍പ്പെട്ടതറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയതായിരുന്നു രാമകൃഷ്ണന്‍. പത്തുമിനിറ്റോളം അഗ്നിരക്ഷ സേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പം വെള്ളത്തില്‍മുങ്ങി തിരച്ചില്‍നടത്തുകയും ചെയ്തു. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കരയിലേക്ക് കയറി. തുടര്‍ന്ന്, രാമകൃഷ്ണനെ അഗ്നിരക്ഷസേനാ ഉദ്യോഗസ്ഥര്‍ ചെറുതുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ചെറുതുരുത്തി സ്വദേശിയായ ഫൈസലാണ് നഗരസഭാ ശ്മശാനത്തിന് മുമ്പിലായി ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. ഫൈസല്‍ നീന്തുന്നതിനിടെ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വൈകീട്ട് ആറരവരെ ഫൈസലിനായി അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചില്‍ വ്യാഴാഴ്ച രാവിലെയും തുടരുമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
വെള്ളത്തില്‍ മുങ്ങുന്നവരെ രക്ഷപ്പെടുത്താനായി പോലീസുള്‍പ്പെടെയുള്ളവര്‍ ആശ്രയിച്ചിരുന്നയാളാണ് മരിച്ച രാമകൃഷ്ണന്‍. കുട്ടികളെ നിന്തല്‍ പഠിപ്പിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു.
ആരെങ്കിലും വെള്ളത്തില്‍പ്പെട്ടിട്ടുണ്ടെന്നറിഞ്ഞാല്‍ അവിടെയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്യാറുണ്ട്. മൃതദേഹം ഒറ്റപ്പാലം താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിജയലക്ഷ്മിയാണ് രാമകൃഷ്ണന്റെ ഭാര്യ. മക്കള്‍: സഞ്ജയ്, സനുജ. മരുമക്കള്‍: രാധാകൃഷ്ണന്‍, സൂര്യ.
ഇതുവരെ 14 പേരെ വിവിധ കാലഘട്ടങ്ങളിലായി വെള്ളത്തില്‍നിന്ന് രക്ഷിച്ചിട്ടുണ്ട്. 1974-ല്‍ ആണ് രാമകൃഷ്ണന്‍ തന്റെ രക്ഷാദൗത്യത്തിനു തുടക്കംകുറിക്കുന്നത്.