Breaking NewsNEWS

രാജ്ഭവന്‍ രാഷ്ട്രീയ നിയമനം നടത്തിയെന്ന് തെളിയിച്ചാല്‍ രാജി; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവര്‍ണര്‍

ന്യൂഡല്‍ഹി: രാജ്ഭവന്‍ രാഷ്ട്രീയ നിയമനം നടത്തിയിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവന്‍ ഇടപെട്ട് അനധികൃത നിയമനം നടത്തിയെന്ന് മുഖ്യമന്ത്രി തെളിയിച്ചാല്‍ ഗവര്‍ണര്‍ പദം രാജിവെക്കാന്‍ തയ്യാറാണെന്നും മറിച്ചാണെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കാന്‍ തയ്യാറുണ്ടോയെന്നും ഗവര്‍ണര്‍ വെല്ലുവിളിച്ചു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഗവര്‍ണറുടെ സമാന്തര ഭരണമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനും അദ്ദേഹം മറുപടി നല്‍കി. ഏത് ഭരണത്തിലാണ് താന്‍ ഇടപെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പറഞ്ഞ ഗവര്‍ണര്‍ ഒരിക്കലും താന്‍ അധികാരം മറികടന്ന് പ്രവര്‍ത്തിച്ചിട്ടില്ലെന്നും വ്യക്തമാക്കി. സ്ഥാനത്തിന്റെ വില തിരിച്ചറിഞ്ഞുവേണം വിഷയങ്ങളോട് പ്രതികരിക്കാനെന്നും മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു.

Signature-ad

രാജി വയ്ക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ വി.സിമാര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും വിശദീകരണം കിട്ടിയിട്ടില്ല. വിശദീകരണം നല്‍കാന്‍ ഈ മാസം എഴു വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. നോട്ടീസ് നല്‍കിയതിനെതിരെ വി.സിമാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. നിയമപരമല്ലാതെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചെങ്കില്‍ കോടതി നടപടിയെടുക്കട്ടെ. ചാന്‍സലര്‍ പദവി ഒഴിയാന്‍ മുഖ്യമന്ത്രിയോട് സന്നദ്ധത അറിയിച്ചിരുന്നു. തന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.

സി.പി.എം നേതാക്കളുടെ യോഗ്യതയില്ലാത്ത ബന്ധുക്കളെ സര്‍വകലാശാലകളില്‍ നിയമിച്ചാണോ ഉന്നത വിദ്യാഭ്യാസ രംഗത്തെ മെച്ചപ്പെടുത്തുന്നതെന്നു ഗവര്‍ണര്‍ ചോദിച്ചു. മുഖ്യമന്ത്രിക്കെതിരേ ആരോപണങ്ങള്‍ ഉയരുമ്പോള്‍ മാധ്യമങ്ങളുടെ വായ് മൂടപ്പെടുന്നതായി ഗവര്‍ണര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലിരിക്കുന്നവര്‍ സര്‍വകലാശാലകളില്‍ യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ ഇടപെടുന്നു.

ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ പ്രസംഗത്തെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. മന്ത്രി പ്രാദേശികവാദം പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ല. ദേശീയ ഐക്യത്തിനു അത് വെല്ലുവിളിയാണ്. തിരുവിതാംകൂറിലെ ദിവാന്‍ ദേശീയ ഐക്യത്തെ വെല്ലുവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായതെന്താണെന്ന് എല്ലാവര്‍ക്കും അറിയാം. കേരളത്തിലുള്ളവര്‍ വിവിധ സംസ്ഥാനങ്ങളില്‍ ജീവിക്കുന്നുണ്ട്. വിവാദ പ്രസ്താവനയിലൂടെ മന്ത്രി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. സിപിഎം കേന്ദ്ര നേതൃത്വവും മന്ത്രി പറഞ്ഞത് അംഗീകരിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

Back to top button
error: