പത്തനംതിട്ട: ചിറ്റാറില്‍ ഉടമയ്ക്കരികില്‍ നിന്ന പശുവിനെ കടുവ കടിച്ചുകൊന്നു. ചിറ്റാര്‍ കട്ടച്ചിറ ഈറനില്‍ക്കുന്നതില്‍ അച്യുതന്റെ ആറുമാസം ഗര്‍ഭിണിയായ പശുവിനെയാണ് കടുവ കൊന്നത്. ചൊവ്വാഴ്ച രാവിലെ 10.30-ന് കട്ടച്ചിറ-നീലിപ്പിലാവ് റോഡില്‍നിന്ന് അരക്കിലോമീറ്റര്‍ അകലെ പരുത്യാനിപ്പടിഭാഗത്തായിരുന്നു ആക്രമണം.
വനത്തോട് ചേര്‍ന്ന് ജനവാസമേഖലയ്ക്ക് സമീപത്ത് നാട്ടുകാര്‍ കുളിക്കാനും തുണി കഴുകുന്നതിനും ഉപയോഗിക്കുന്ന അരുവിയുണ്ട്. അച്യുതനും ഭാര്യ ഉഷയും പശുവിനെ ഇവിടെ കുളിപ്പിച്ച് കരയിലേക്ക് മേയാന്‍ വിട്ടു. അടുത്ത നിമിഷം കടുവ പശുവിനുനേരേ ചാടിവീഴുകയായിരുന്നു.
അച്യുതനും ഉഷയും നിലവിളിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ബഹളം കേട്ട് സമീപവാസികളെത്തുമ്പോള്‍ കടുവ പശുവിന്റെ േദഹത്തുണ്ടായിരുന്നു. ആള്‍ക്കാരെ കണ്ടതോടെ ഉള്‍ക്കാട്ടിലേക്ക് വലിഞ്ഞു. ആഴത്തില്‍ കടിയേറ്റ പശു അല്പം കഴിഞ്ഞപ്പോഴേക്കും ചത്തു.
മുമ്പും പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്. ജനവാസമേഖലയ്ക്കടുത്ത് വീണ്ടും കടവയെത്തിയത്ത് നാട്ടുകാരെ ഭീതിയിലാക്കി. മുമ്പ് പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടായിട്ടുണ്ടെങ്കിലും കടുവ ആദ്യമാണ്.
സായുധരായ വനപാലകസംഘം പകലും രാത്രിയും പട്രോളിങ് ശക്തമാക്കി. രണ്ടരവര്‍ഷം മുന്‍പാണ് കോന്നി വനമേഖലയിലെ സീതത്തോട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടത്.