ആര്‍.എസ്.പി നേതാവ് ടി.ജെ.ചന്ദ്രചൂഡന്‍ അന്തരിച്ചു
തിരുവനന്തപുരം: ആര്‍.എസ്.പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍ (82) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി പദവിയും വഹിച്ചിട്ടുണ്ട്.
1940 ഏപ്രില്‍ 20 ന് തിരുവനന്തപുരം ജില്ലയില്‍ ജനിച്ച ചന്ദ്രചൂഡന്‍ ബി.എ, എം.എ പരീക്ഷകള്‍ റാങ്കോടെ പാസായി. ആര്‍.എസ്.പി വിദ്യാര്‍ഥി സംഘടനയിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. കെ. ബാലകൃഷ്ണന്റെ കൗമുദിയില്‍ കുറച്ചു കാലം പ്രവര്‍ത്തിച്ചു. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ അധ്യാപകനായിരുന്നു.
1975 ല്‍ ആര്‍.എസ്.പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ ചന്ദ്രചൂഡന്‍ 99 ല്‍ സംസ്ഥാന സെക്രട്ടറിയായി. 2008 ലാണ് ദേശീയ ജനറല്‍ സെക്രട്ടറിയായത്. 2018 വരെ ആ ചുമതലയില്‍ തുടര്‍ന്നു. നിലവില്‍ ആര്‍.എസ്.പി സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവായിരുന്നു.