IndiaNEWS

മരണസംഖ്യ 92 ആയി, ഇനിയും ഉയർന്നേക്കും; മോർബി തൂക്കുപാലം അപകടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഗുജറാത്തിലെ മോർബിയിൽ മാച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകർന്ന് നദിയിൽ വീണ്  മരിച്ചവരുടെ എണ്ണം 92 കടന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. തലസ്ഥാന നഗരമായ അഹമ്മദാബാദിൽനിന്ന് 200 കിലോമീറ്റർ അകലെ മോർബിയിലാണ് അപകടം നടന്നത്. ഞായറാഴ്ച വൈകിട്ട് 6.30നാണ് തൂക്കുപാലം തകർന്നുവീണത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. രാത്രി വൈകിയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്.

അപകടം നടക്കുമ്പോൾ പാലത്തിലും സമീപത്തുമായി നാനൂറോളം പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഒട്ടേറെപ്പേർ ഇപ്പോഴും നദിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന ആശങ്ക. അഞ്ചുദിവസം മുന്‍പ് പുനര്‍നിര്‍മ്മാണം നടത്തി പൊതുജനത്തിനായി തുറന്നുകൊടുത്ത പാലമാണ് തകര്‍ന്നത്. ഒക്ടോബർ 26 ന് ഗുജറാത്തി പുതുവത്സര ദിനത്തിലാണ് വീണ്ടും പാലം തുറന്നുകൊടുത്തത്.

അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതവും സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ പരുക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് കേന്ദ്രവും സംസ്ഥാവും 50,000 രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ചത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയ മുഖ്യമന്ത്രി മോർബിയിലെത്തി.

അപകടത്തിൽപ്പെട്ട ഒട്ടേറെപ്പേരെ രക്ഷിച്ച് ആശുപത്രിയിലേക്കു മാറ്റിയതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സങ്‌ഗ്‌വി അറിയിച്ചു. കേന്ദ്ര സർക്കാർ രക്ഷാപ്രവർത്തനത്തിന് എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്. അപകടം നടന്ന് 15 മിനിറ്റിനുള്ളിൽ അഗ്നിരക്ഷാ സേന, ജില്ലാ കലക്ടർ, പൊലീസ് മേധാവി, ഡോക്ടർമാർ, ആംബുലൻസുകൾ തുടങ്ങിയവ സ്ഥലത്തെത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി.
മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Back to top button
error: