CrimeNEWS

പോക്‌സോ കേസ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷിച്ചത് കുടുംബം

പത്തനംതിട്ട: പോക്‌സോ കേസ് പ്രതി സിറാജ് കോഴഞ്ചേരി കാട്ടൂര്‍ പേട്ടയില്‍ വെച്ച് കുന്നിക്കോട് പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായി. ഭാര്യയും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് പോലീസ് എത്തിയ സ്വകാര്യ കാറില്‍ നിന്ന് പ്രതിയെ ബലമായി മോചിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാറിന്റെ പിന്നിലെ സീറ്റില്‍ ഒപ്പം ഇരുന്ന എസ്.ഐ ഫൈസലിനെ ആക്രമിച്ചാണ് രക്ഷപ്പെടുത്തിയത്.

വാഹനത്തിന്റെ ഇരു വാതിലുകളും തുറന്ന കുടുംബാംഗങ്ങള്‍ ഒരു ഭാഗത്ത് നിന്ന് കൂട്ടംചേര്‍ന്ന് സിറാജിനെ പുറത്തേക്ക് വലിക്കുകയും മറ്റൊരു ഭാഗത്ത് നിന്ന് ഇയാളുടെ സഹോദരി പോലീസ് ഉദ്യോഗസ്ഥനെ എതിര്‍ഭാഗത്തേക്ക് വലിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ സമയത്ത് മറ്റൊരു സബ് ഇന്‍സ്‌പെക്ടറായ എസ്. ഐ വൈശാഖ് കൃഷ്ണ ഫോണ്‍ ചെയ്ത് വാഹനത്തിന്റെ പുറത്തു നില്‍ക്കുകയായിരുന്നു. ഫൈസലിനെ ആക്രമിച്ച് പ്രതിയെ വാഹനത്തിന് പുറത്തിറക്കിയ ഉടന്‍ വൈശാഖ് കയറി പിടിക്കാന്‍ എത്തിയെങ്കിലും കുടുംബാംഗങ്ങള്‍ തടയുന്നുണ്ട്.

Signature-ad

ഇതിനിടെ ഇരു പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടാന്‍ ശ്രമിക്കുമ്പോഴും കൂട്ടമായി തടഞ്ഞ് പ്രതി ഒളിവില്‍ കഴിഞ്ഞ സഹോദരിയുടെ വാടക വീട്ടിലേക്ക് ഓടിക്കയറി. ബഹളത്തിനിടെ ആറന്മുള പോലീസ് എത്തിയപ്പോഴേക്കും സിറാജ് വീടിന്റെ പിന്‍ഭാഗത്ത് കൂടി വിജനമായ റബ്ബര്‍ തോട്ടത്തിലേക്ക് ഓടി മറഞ്ഞു. സംഭവ സമയത്തൊന്നും നാട്ടുകാരെ ഈ പരിസരത്ത് കാണുന്നുമില്ല.

കഴിഞ്ഞ ഞായറാഴ്ച്ച നടന്ന സംഭവത്തിന്റെ നിരവധി വീഡിയോകള്‍ പലരും പകര്‍ത്തിയുണ്ടെങ്കിലും കൃത്യമായ തെളിവ് ഇപ്പോഴാണ് പുറത്തായത്. നാട്ടുകാരില്‍ ആരോ പകര്‍ത്തിയ വീഡിയോ ആണിത്. 15 വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ കുന്നിക്കോട് പോലീസാണ് കണമുക്ക് സ്വദേശി ചരിവുകാലായില്‍ സിറാജിനെ മഫ്തിയില്‍ പിടികൂടാനെത്തിയത്. കുറ്റകൃത്യത്തിനു ശേഷം ഇയാള്‍ സഹോദരിയുടെ കാട്ടൂര്‍പേട്ടയിലെ വാടക വീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു.

ഇതിനിടെ കസ്റ്റഡിയിലായ പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ തങ്ങള്‍ക്കെതിരായ വകുപ്പുതല നടപടികള്‍ ഒഴിവാക്കാന്‍ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് കണ്ടാലറിയാവുന്ന നാട്ടുകാരായ 15 ഓളം പേരെ കേസില്‍ ഉള്‍പ്പെടുത്താന്‍ പോലീസ് നീക്കംനടത്തുന്നുണ്ട്. സ്ത്രീകളുടെ കരച്ചില്‍ കേട്ട് ഓടി എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കും എതിരെ കേസ് എടുക്കാനുള്ള നീക്കത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

അറസ്റ്റ്ഭയന്ന് യുവാക്കള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഒരാഴ്ച്ചയായി കാട്ടൂര്‍ പേട്ടയില്‍ നിന്ന് മാറിനില്‍ക്കുന്നത്. എന്നാല്‍ കുന്നിക്കോട് പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയിലാണ് തങ്ങള്‍ കേസെടുത്തതെന്നും ഇതില്‍ പ്രതിയുടെ ഇയാളുടെ നാല് കുടുംബാംഗങ്ങളും സി.പി.ഐ അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവായ തന്‍സീര്‍ കാട്ടൂര്‍ പേട്ടയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആറന്മുള പോലീസ് വെളിപ്പെടുത്തിയിരുന്നു.

പ്രതി രക്ഷപ്പെട്ട് അരമണിക്കൂര്‍കഴിഞ്ഞാണ് താന്‍ സ്ഥലത്ത് എത്തിയതെന്ന് തന്‍സീര്‍ പറയുന്നു. പുറത്തുവന്ന വിവിധ വീഡിയോ ദൃശ്യങ്ങള്‍പരിശോധിച്ചാണ് പോലീസ് നാട്ടുകാരെ പ്രതികളാക്കാന്‍ നീക്കം നടത്തുന്നത്. ഇതില്‍ ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്ന ഭരണകക്ഷി നേതാക്കളെ തങ്ങള്‍ക്ക് കണ്ടാല്‍ അറിയില്ലെന്ന നിലപാടിലാണ് ആറന്മുള പോലീസ്.

Back to top button
error: