തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോഷ്യേറ്റ് പ്രഫസര്‍ നിയമന യോഗ്യത സംബന്ധിച്ച് സര്‍വകലാശാല സെനറ്റും ഡോ. പ്രിയാ വര്‍ഗീസും വിരുദ്ധ നിലപാടുകളില്‍. അധ്യാപക വിഭാഗത്തിലാണ് ഈ തസ്തികയെന്നും നിയമന യോഗ്യതയായി കണക്കാക്കണമെന്നും കാണിച്ച് പ്രിയാ വര്‍ഗീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, പ്രിയ ജോലിചെയ്തിരുന്ന സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടറുടെ തസ്തിക അനധ്യാപക വിഭാഗത്തിലാണെന്നു വ്യക്തമാക്കി സിന്‍ഡിക്കേറ്റ് അംഗവും സി.പി.എം നേതാവുമായ എന്‍.സുകന്യ രംഗത്തെത്തി.
ചട്ടപ്രകാരംവേണ്ട അധ്യാപന പരിചയം പ്രിയാ വര്‍ഗീസിന് ഇല്ലെന്നു യു.ജി.സി നേരത്തേ അറിയിച്ചെങ്കിലും നിയമനത്തിനു വേണ്ട വിദ്യാഭ്യാസ യോഗ്യതയും അധ്യാപക പരിചയവും ഉണ്ട് എന്നായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം. പ്രിയാ വര്‍ഗീസിന്റെ ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാന്‍ സാധിക്കില്ല എന്നായിരുന്നു കേസ് പരിഗണിക്കുമ്പോള്‍ യു.ജി.സി കോടതിയെ അറിയിച്ചത്. ഇതിനു വിരുദ്ധമായി മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണു നിയമനമെന്നു കണ്ണൂര്‍ സര്‍വകലാശാല ഹൈക്കോടതിയില്‍ അറിയിച്ചു.
സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടറുടെ തസ്തികയുടെ സ്വഭാവം ബന്ധപ്പെട്ട സര്‍വകലാശാലയാണ് തീരുമാനിക്കേണ്ടതെന്നും യു.ജി.സി വ്യക്തമാക്കി. സ്റ്റുഡന്റ്സ് സര്‍വീസ് ഡയറക്ടര്‍ തസ്തിക അനധ്യാപക വിഭാഗത്തില്‍ പെടുന്നതാണെന്ന് തെളിയിക്കുന്ന സെനറ്റ് യോഗത്തിന്റെ രേഖകളാണു പുറത്തു വന്നിരിക്കുന്നത്. സെപ്റ്റംബര്‍ 16ന് ചേര്‍ന്ന സെനറ്റ് യോഗത്തില്‍ സിന്‍ഡിക്കേറ്റിന്റെ സ്ഥിരം സമിതി അധ്യക്ഷയും സി.പി.എം നേതാവുമായ എന്‍.സുകന്യ സ്റ്റുഡന്റസ് ഡയറക്ടര്‍ അനധ്യാപക തസ്തികയാണെന്നു വ്യക്തമാക്കുകയായിരുന്നു.
ഇത് അധ്യാപക തസ്തികയാണെന്നാണു പ്രിയ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ പറയുന്നത്. സര്‍വകലാശാല റജിസ്ട്രാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പ്രിയാ വര്‍ഗീസിന്റെ ദിവസവേതന അധ്യാപന കാലയളവും ഗവേഷണകാലവും ഉള്‍പ്പടെ 11 വര്‍ഷത്തെ അധ്യാപന പരിചയമുണ്ടെന്നു കോടതിയെ അറിയിച്ചിരുന്നു. കേസ് ഹൈക്കോടതി നവംബര്‍ രണ്ടിന് പരിഗണിക്കും. അതുവരെ നിയമനം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.