സോള്‍ ഹാലോവീന്‍ ദുരന്തത്തില്‍ മരണം 150 പിന്നിട്ടു; മാസ്‌കില്ലാ ആഘോഷത്തിന് എത്തിയവര്‍ ഇരകളായി
സോള്‍: ദക്ഷിണ കൊറിയയിലെ ഹലോവീന്‍ ആഘോഷങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 150 പിന്നിട്ടു. സോള്‍ നഗരത്തിലെ ഇറ്റാവോയിലെ ഇടുങ്ങിയ തെരുവിലാണ് ആഘോഷങ്ങള്‍ക്കിടെ ദാരുണ സംഭവം ഉണ്ടായത്. ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ തിക്കിലുംതിരക്കിലുംപെട്ട് 151 പേര്‍ മരിച്ചുവെന്നാണ് ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട്. 4 മീറ്റര്‍ വീതിയുള്ള ഇടവഴിയില്‍ ഇത്രയുംപേര്‍ തിങ്ങിനിറഞ്ഞത് ശ്വാസംമുട്ടലിനും ഹൃദയാഘാതത്തിനും കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ആദ്യമായി മാസ്‌ക് ഇല്ലാതെ ആഘോഷങ്ങള്‍ക്കായി ഒത്തുകൂടിയതായിരുന്നു ആളുകള്‍ ഇവിടെ.
മരിച്ചവരില്‍ അധികവും കൗമാരക്കാരായ വനിതകളാണ്. 19 വിദേശികളും മരിച്ചെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക് യോള്‍ അറിയിച്ചു. 82 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 19 പേരുടെ നില ഗുരുതരമാണ്. ഇതോടെ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിനു ലഹരിമരുന്നുമായി ബന്ധമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ഹാമില്‍ട്ടന്‍ ഹോട്ടലിനു സമീപം ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തില്‍പെട്ടത്. ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയവരെ കൂടാതെ ഹോട്ടലില്‍നിന്നും ഇറ്റാവോണ്‍ സബ്വേ സ്റ്റേഷനില്‍ നിന്നുമുള്ള ആളുകളും ഇടുങ്ങിയ വഴിയില്‍ എത്തിയിരുന്നു.
ഇവിടത്തെ ഒരു സ്ഥാപനത്തില്‍ ഒരു സെലിബ്രിറ്റി കൂടി എത്തിയതോടെ തിരക്ക് വര്‍ധിച്ചെന്ന് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരാണ് സെലിബ്രിറ്റി എന്ന വിവരം പുറത്തുവന്നിട്ടില്ല. പിന്നില്‍നിന്നുള്ള തള്ളലില്‍ ഒട്ടേറെപ്പേര്‍ നിലത്തുവീഴുകയായിരുന്നു. ചവിട്ടേറ്റും ഞെരുങ്ങിയും ശ്വാസം മുട്ടിയാണു മരണങ്ങളേറെയും. തിരക്കിനിടയില്‍ അപകടത്തില്‍പ്പെട്ടവരുടെ അടുത്തെത്താന്‍ ആംബുലന്‍സുകള്‍ക്കും പ്രയാസകരമായിരുന്നു.
വാഹനങ്ങളുടെ മുകളില്‍ കയറിയാണ് പോലീസ് ആളുകളോട് വഴിയൊരുക്കാനും പ്രദേശംവിട്ടുപോകാനും ആവശ്യപ്പെട്ടത്. അപ്പോഴും ആളുകള്‍ റോഡില്‍ നൃത്തം ചെയ്യുകയും പാട്ട് പാടുകയുമായിരുന്നു. പരുക്കേറ്റവരെ ആശുപത്രികളിലേക്കു മാറ്റുന്നതും അബോധാവസ്ഥയിലായവര്‍ക്ക് റോഡില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. അടിയന്തര സേവനത്തിന് നാനൂറിലേറെ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചു.