CrimeNEWS

വാറ്റുകേസിലെ പ്രതിയെ വിട്ടുകിട്ടണം, എക്സൈസിനെ തടഞ്ഞു; സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പത്തനംതിട്ട: സീതത്തോട് മുണ്ടന്‍പാറയില്‍ എക്‌സൈസ് സംഘത്തെ തടഞ്ഞ് വാറ്റുകേസ് പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സി.പി.എം. പ്രവര്‍ത്തകനായ ഒരാളെ ചിറ്റാര്‍ പോലീസ് അറസ്റ്റുചെയ്തു. മുണ്ടന്‍പാറ അജിഭവനില്‍ സുരേന്ദ്രന്‍ പിള്ള(57)യെയാണ് അറസ്റ്റുചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

സംഭവത്തില്‍ സീതത്തോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രമോദ്, സി.പി.എം. സീതത്തോട് ലോക്കല്‍കമ്മിറ്റി സെക്രട്ടറി കെ.കെ. മോഹനന്‍ എന്നിവരടക്കം ആറുപേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്.

Signature-ad

ചൊവ്വാഴ്ച പുലര്‍ച്ചെ ഗുരുനാഥന്‍മണ്ണിലെ വാറ്റുകേന്ദ്രത്തില്‍നിന്ന് ചാരായവും വാറ്റുപകരണങ്ങളുമായി പിടികൂടിയ ഗോപിയെ എക്‌സൈസ് സംഘം പെരുനാട് എക്‌സൈസ് ഓഫീസിലേക്ക് കൊണ്ടുപോകവെയാണ് സംഭവം. ഇയാളെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് മുണ്ടന്‍പാറയില്‍ വെച്ച്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ എക്‌സൈസ് സംഘത്തെ തടഞ്ഞു. പോലീസെത്തിയതോടെയാണ് എക്‌സൈസ് സംഘത്തിന് പോകാനായത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് ഗുരുനാഥന്‍മണ്ണിലെ വാറ്റു കേന്ദ്രത്തില്‍ തിരച്ചിലിനെത്തിയ എക്‌സൈസ് സംഘത്തെ വാറ്റുകേന്ദ്രങ്ങളിലുണ്ടായിരുന്നവര്‍ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചിരുന്നു. എക്‌സൈസ് സംഘം വീണ്ടുമിവിടെ തിരച്ചില്‍ നടത്തുകയും ചാരായകേന്ദ്രങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

എക്‌സൈസ് സംഘത്തെ മര്‍ദ്ദിച്ച കേസില്‍ നാട്ടുകാരായ എട്ടുപേര്‍ക്കെതിരേ കേസെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ചയും എക്‌സൈസ് സംഘം തിരച്ചിലിനെത്തിയത്. മുമ്പ് എക്‌സൈസ് സംഘത്തെ മര്‍ദ്ദിച്ച സംഘത്തിലെ യുവാവിന്റെ വീട്ടില്‍നിന്നാണ് വീണ്ടും ചാരായം പിടിച്ചത്. പ്രദേശത്ത് ഏറെനാളായി ഈ വീട് കേന്ദ്രീകരിച്ച് ചാരായ ഉത്പാദനവും വിതരണവും നടത്തിവരികയായിയിരുന്നെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കിയിരുന്നു.

 

 

Back to top button
error: