KeralaNEWS

കര്‍ശന നടപടിയിലേയ്ക്ക് കടക്കാന്‍ കോടതിയെ നിര്‍ബന്ധിക്കരുത്; വിഴിഞ്ഞം സമരക്കാരോട് സ്വരംകടുപ്പിച്ച് ഹൈക്കോടതി

കൊച്ചി: കര്‍ശന നടപടിയിലേയ്ക്ക് കടക്കാന്‍ കോടതിയെ നിര്‍ബന്ധിക്കരുതെന്ന് വിഴിഞ്ഞം തുറമുഖ സമരക്കാരോട് ഹൈക്കോടതി. സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും റോഡിലെ തടസങ്ങള്‍ നീക്കിയേ പറ്റൂവെന്നും കോടതി നിര്‍ദേശിച്ചു. അദാനി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

സമരം കാരണം തുറമുഖ നിര്‍മാണം പൂര്‍ണമായും തടസപ്പെട്ടുവെന്നാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചത്. സമരം അക്രമാസക്തമാകുന്ന സാഹചര്യമാണ് ഉള്ളതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. സമരം പാടില്ല എന്ന് പറയാന്‍ കോടതിക്ക് കഴിയില്ല. പക്ഷേ നിയമം കൈയിലെടുക്കുകയോ നിയമത്തിന് ഭീഷണി ആവുകയോ ചെയ്യരുതെന്ന് കോടതി നിര്‍ദേശം നല്‍കി. ഇടക്കാല ഉത്തരവുകള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Signature-ad

നേരത്തേ, വിഴിഞ്ഞം സമരം നടത്തുന്നവര്‍ക്ക് പരോക്ഷ പിന്തുണ നല്കുന്ന തീരദേശത്തെ 10 സന്നദ്ധ സംഘടനകള്‍ക്ക് വിദേശ ഫണ്ട് ഉള്‍പ്പെടെ ലഭിക്കുന്നുണ്ടെന്ന സംശയത്തില്‍, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) അന്വേഷണം തുടങ്ങിയിരുന്നു. കോടതി വിധിയും പോലീസ് നടപടിയും സര്‍ക്കാര്‍ ഇടപെടലും കൂസാതെ അതിരുവിട്ടുള്ള സമരം വിദേശ തുറമുഖങ്ങള്‍ക്കു വേണ്ടി വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാനാണെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇത്. സമരത്തിനെതിരേ ട്രിവാന്‍ഡ്രം ചേംബര്‍ ഒഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിവരശേഖരണവും അന്വേഷണവും. സമരത്തിനു പിന്നില്‍ ദുബായ്, ശ്രീലങ്ക, ചൈന എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിദേശ ലോബിയുണ്ടെന്നാണ് പരാതിയിലെ ആരോപണം.

 

 

Back to top button
error: