കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി ബിജുവിനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ജില്ലയിലെ ബുള്ളറ്റ് മോഷണ കേസുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് 500 ഓളം കേസുകളിൽ പ്രതിയായ ബിജു പിടിയിലാകുന്നത്. നൂറോളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതി കാമാക്ഷി എസ്.ഐ എന്നറിയപ്പെടുന്ന ബിജുവാണെന്ന് തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ഡിസംബർ മാസം മുതൽ ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരി, തങ്കമണി, കട്ടപ്പന പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് നിരവധി ബുള്ളറ്റുകൾ മോഷ്ടിച്ചു കൊണ്ടുപോയിരുന്നു. ഇതിൽ രണ്ട് ബുള്ളറ്റുകൾ പെട്രോൾ തീർന്നതിനാൽ വഴിയിൽ ഉപേക്ഷിച്ചു. മറ്റ് ബുള്ളറ്റുകൾ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ വില്പന നടത്തിയതായും പോലീസ് കണ്ടെത്തി. വിവിധ കോടതികൾ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പല കേസുകളിലായി 15 വർഷത്തോളം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. നിരവധി ആരാധനാലയങ്ങളിൽ മോഷണം നടത്തിയിട്ടുള്ള ബിജു പോലീസിനെ ആക്രമിച്ച മൂന്ന് കേസുകളിലും പ്രതിയാണ്.
മോഷണം നടത്തി കിട്ടുന്ന തുക കൊണ്ട് ആഡംബര വാഹനങ്ങളും വസ്തുവകകളും വാങ്ങി കൂട്ടുകയാണ് പതിവ്
നിരവധി അമ്പലങ്ങളിലെയും പള്ളികളിലെയും കാണിക്ക വഞ്ചി കുത്തിപ്പൊളിക്കുകയും ചെയ്തിട്ടുണ്ട്. ഇടുക്കിയിൽ മോഷണങ്ങൾ പെരുകുന്ന കാരണത്താൽ ബഹുജന പ്രക്ഷോഭം വരെ ഉണ്ടായി. ഇതേ തുടർന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന്റെ നിർദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം ഉണ്ടാക്കി അന്വേഷിച്ചു വരികയായിരുന്നു
പോലീസിനെ ആക്രമിച്ച മൂന്നോളം കേസുകളിലും പ്രതിയാണ് ഇയാൾ. പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പോലീസിനെ ആക്രമിക്കുകയും പിടികൂടിയാൽ പോലീസുമായി സഹകരിക്കാതിരിക്കുകയാണ് പതിവ്. കൂടാതെ വീടിന് ചുറ്റും അക്രമകാരികളായ നായ്ക്കളെ അഴിച്ചുവിടുന്ന സ്വഭാവവുമുണ്ട്. ആയതിനാൽ വീട്ടിലും പരിസരപ്രദേശങ്ങളിലും അന്വേഷിക്കുന്നത് വളരെ ദുഷ്കരമായിരുന്നു. ഇയാളെ ഭയന്ന് നാട്ടുകാർ ആരും ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് കൈമാറാൻ തയ്യാറല്ലായിരുന്നു. ആരെങ്കിലും ഇയാൾക്കെതിരെ സാക്ഷി പറയുകയോ മറ്റോ ചെയ്താൽ അവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യാറുണ്ട്. വളരെ ദുഷ്കരമായിരുന്നു ഇയാളെ പിടികൂടുന്നത്. ഈ സാഹചര്യത്തിൽ അതി സാഹസികമായാണ് കട്ടപ്പന പോലീസ് കാമാക്ഷി ബിജുവിനെ പിടികൂടിയത്.