കൊച്ചി: കുണ്ടന്നൂരിലെ ബാറിൽ വെടിവെയ്പ് നടത്തിയ രണ്ട് പേർ പിടിയിൽ. എഴുപുന്ന സ്വദേശി റോജൻ, സുഹൃത്ത് ഹരോൾഡ് എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച വെെകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. കുണ്ടന്നൂരിലെ ഓജീസ് കാന്താരി ബാറിൽ മദ്യപിക്കാനെത്തിയ ഇവർ യാതൊരു പ്രകോപനമൊന്നുമില്ലാതെ കൈയിൽ കരുതിയിരുന്ന തോക്കെടുത്ത് ഭിത്തിയിലേക്ക് വെടിവെക്കുകയായിരുന്നുവെന്ന് മരട് പൊലീസ് പറഞ്ഞു.
സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഭിത്തിയിൽ പതിഞ്ഞ നിലയിൽ ഈയ ഉണ്ട കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. ബാറിന്റെ പ്രവർത്തനത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ട് പേരുടേയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. വെടിവെച്ച ശേഷം ഒന്നും സംഭവിക്കാത്തതു പോലെ ഓട്ടോയിൽ കയറി പോവുകയായിരുന്നുവെന്ന് ഹോട്ടലിലുണ്ടായിരുന്നവർ പറഞ്ഞു. ബാർ താൽക്കാലികമായി അടച്ചിടാൻ പൊലീസ് നിർദേശം നൽകി.