എല്‍ദോസ് കുന്നപ്പിള്ളി കള്ളത്തെളിവുകള്‍ ഹാജരാക്കിയാണ് ജാമ്യം നേടിയതെന്ന് പരാതിക്കാരി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി അറിയിച്ചു.കേസില്‍ നിന്ന് പിന്‍മാറണമെന്നും മൊഴി നല്‍കരുതെന്നും ആവശ്യപ്പെട്ട് നിരന്തരം ഭീഷണി കോളുകള്‍ വരുന്നുവെന്ന് കാണിച്ച് പരാതിക്കാരിയായ യുവതി തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കോണ്‍ഗ്രസിലെ ഒരു വനിത പ്രവര്‍ത്തകയാണ് ഭീഷണി സന്ദേശം അയക്കുന്നത്.
എല്‍ദോസ് മാനസികമായി പീഡിപ്പിക്കുകയാണെന്നും തനിക്കെന്ത് സംഭവിച്ചാലും എല്‍ദോസ് കുന്നപ്പിള്ളിയാണ് ഉത്തരവാദിയെന്നും പരാതിക്കാരി പറഞ്ഞു.
സുപ്രീംകോടതിയുടേത് ഉൾപ്പെടെയുള്ള മുൻകാലവിധികൾ ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞദിവസം മുൻകൂർജാമ്യം അനുവദിച്ചത്. പ്രതി വിവാഹം കഴിഞ്ഞയാളും കുടുംബമായി ജീവിക്കുന്നയാളുമാണെന്ന് പരാതിക്കാരിക്ക് ബോധ്യമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പ്രതിയുമായുള്ള നിയമപരമായ വിവാഹത്തിന് സാധ്യതയില്ലെന്നത് പരാതിക്കാരിക്ക് അറിയാം. പരാതിക്കാരി ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളയാളാണ്. അതിനാൽ നിയമത്തെക്കുറിച്ച് അജ്ഞയാണെന്നത് പരിഗണിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിലെ പരാമർശങ്ങളും കോടതി ചൂണ്ടിക്കാട്ടി. വിശദമായവിശകലനത്തിനൊടുവിൽ കടുത്ത ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
അതിനിടെ ലൈംഗിക പീഡനപരാതിയില്‍ എല്‍ദോസിനെ മൂന്നാം ദിവസവും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഇന്നും പൊലീസിനു മുന്നിൽ എല്‍ദോസ് കുന്നപ്പിള്ളി മനസു തുറന്നില്ല. താനൊരു തെറ്റും ചെയ്തില്ലെന്നും പരാതി രാഷ്ട്രീയ പ്രേരിതമാണെന്നുമുള്ള മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എല്‍ദോസ്.
മൂന്ന് ദിവസം നിരന്തരമായി ചോദ്യം ചെയ്തിട്ടും ക്രൈംബ്രാഞ്ചിനോട് സഹകരിക്കാത്ത സാഹചര്യത്തിൽ അടുത്ത ദിവസവും ചോദ്യം ചെയ്യൽ തുടരാനാണ് സാധ്യത. നിലവില്‍ ലഭിച്ച മറുപടികളും തെളിവുകളും നിരത്തി ചോദ്യം ചെയ്യല്‍ കടുപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ അടുത്ത നീക്കം.
അതിനുശേഷമേ അറസ്റ്റിലേക്ക് കടക്കൂ. ഇതിനിടെ ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. തെളിവുശേഖരണത്തിനായി എല്‍ദോസിനെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ഹര്‍ജിയില്‍ വ്യക്തമാക്കും
എല്‍ദോസിനെതിരായ പരാതിക്കാരിക്ക് വേണ്ട സുരക്ഷയൊരുക്കാന്‍ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു.