KeralaNEWS

‘ധനമന്ത്രിയിൽ പ്രീതി’ നഷ്ടമായി നീക്കം ചെയ്യണമെന്ന് ഗവര്‍ണർ, ആവശ്യം തള്ളി മുഖ്യമന്ത്രി: ‘ചായക്കോപ്പയിലെ കൊടുങ്കാറ്റെ’ന്ന് കാനം, ആരിഫ് മുഹമ്മദ് ഖാൻ ആർ.എസ്.എസ് അടിമയെന്ന് എം സ്വരാജ്

    ധനമന്ത്രിയോടുള്ള പ്രീതി നഷ്ടമായെന്നും മന്ത്രിയെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഗവർണ്ണർക്ക് എതിരായ ബാല ഗോപാലിന്റെ പ്രസംഗമാണ്  പ്രകോപനത്തിന് ആധാരം. ധനമന്ത്രിയുടെ പ്രസംഗം ഗവർണറെ അപമാനിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. ഗവർണറുടെ അടുത്ത നീക്കം എന്താകുമെന്ന് രാഷ്ട്രീയ കേരളം ഉറ്റ് നോക്കുകയാണ്.

ഒക്ടോബര്‍ 19ന് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് ഗവര്‍ണറുടെ കത്ത്. ഗവർണറുടെ പ്രതിച്ഛായയും പദവിയുടെ അന്തസ്സ് താഴ്ത്തുന്നതമായ പരാമാര്‍ശങ്ങളാണ് ധനമന്ത്രിയുടെ പ്രസംഗത്തിലുള്ളതെന്ന് കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ദേശീയ ഐക്യവും അഖണ്ഡതയും വെല്ലുവിളിക്കുന്ന പ്രസംഗമാണെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

ഗവര്‍ണര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കട്ടെ, അപ്പോള്‍ കാണാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

ഗവര്‍ണര്‍ സ്വന്തം പദവിയെ കുറിച്ച് അറിയാതെയാണ് പലതരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്ന് കാനം പറഞ്ഞു. ഇങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ ഒരു മന്ത്രിയെ പിരിച്ചുവിടാന്‍ കഴിയുമോ….? ഇതൊക്കെ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്ന് കാനം പരിഹസിച്ചു.

ആർ.എസ്.എസിന്റെ അടിമയായി മാറിയ ഒരു മനുഷ്യൻ എത്ര വേഗത്തിലാണ് സമൂഹത്തിന് മുന്നിൽ അപഹാസ്യനാകുക എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് കേരളാ ഗവർണർ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ പറഞ്ഞു.ഗവർണർ എന്ന പദവിയുടെ എല്ലാ മാന്യതയും അന്തസും കളഞ്ഞു കുളിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

ഗവണ്മെന്റിന്റെ ഉപദേശത്തിനനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത് പക്ഷെ അദ്ദേഹം ആർ.എസ്.എസ് കാര്യാലയത്തിലെ ആർജ്ജവമില്ലാത്ത അടിമയായ ഒരു ശിപ്പായിയുടെ റോളിലാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇത് ആ പദവിയെ മാത്രമല്ല നമ്മുടെ ഭരണഘടനയെയും ജനാധിപത്യ രീതികളെയും പരിഹസിക്കുന്ന നിലയിലാണ് അദ്ദേഹം മുന്നോട്ട് പോകുന്നതെന്ന് എം സ്വരാജ് പറഞ്ഞു.

കെ എൻ ബാലഗോപാൽ മന്ത്രി ആയത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇഷ്ടമുള്ളത് കൊണ്ടല്ല അദ്ദേഹത്തെ ജനങ്ങൾ തെരഞ്ഞെടുത്തത് കൊണ്ടാണ്…ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഭൂരിപക്ഷമുള്ളിടത്തോളം കാലം ആരൊക്കെ മന്ത്രിയാവണം എന്ന് തീരുമാനിക്കുന്നത് മുന്നണി നേതൃത്വവും മുഖ്യമന്ത്രിയുമാണ് അതിൽ ആരിഫ് മുഹമ്മദ് ഖാന് ഒരു റോളുമില്ല ഒരു പങ്കും ഇല്ല. അദ്ദേഹം ഇല്ലാത്ത അധികാരം ഉപയോഗിക്കാനാണ് ശ്രമിക്കുന്നതെന്ന് എം സ്വരാജ് പറഞ്ഞു.

Back to top button
error: