CrimeNEWS

താമരശ്ശേരിയില്‍നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി വീട്ടില്‍ തിരിച്ചെത്തി

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി വീട്ടില്‍ തിരിച്ചെത്തി. ചൊവ്വാഴ്ച രാത്രിയാണ് അഷ്റഫ് വീട്ടില്‍ തിരിച്ചെത്തിയത്. താമരശ്ശേരി പോലീസ് അഷ്റഫിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ശനിയാഴ്ച രാത്രി പത്ത് മണിയാണ് അഷ്റഫിനെ തട്ടിക്കൊണ്ടുപോയത്. രാത്രി മുക്കത്തെ സൂപ്പര്‍മാര്‍ക്കറ്റ് അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ താമരശ്ശേരി -മുക്കം റോഡില്‍ വെഴുപ്പൂര്‍ എല്‍.പി. സ്‌കൂളിന് സമീപംവെച്ച് കാറുകളിലെത്തിയ സംഘം സ്‌കൂട്ടര്‍ തടഞ്ഞ് അഷ്‌റഫിനെ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. സംഭവം കണ്ട ബൈക്ക് യാത്രക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്.

തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച രണ്ട് കാറുകള്‍ പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ജൗഹറിനെ തിങ്കളാഴ്ച പോലീസ് പിടിയിലായിരുന്നു. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ച വിവരം. അഷ്റഫിന്റെ ഒരു ബന്ധു വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. ഇയാളുള്‍പ്പെട്ട സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചത് എന്നാണ് വിവരം.

 

Back to top button
error: