CrimeNEWS

കോയമ്പത്തൂരില്‍ ലക്ഷ്യമിട്ടത് ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന സ്‌ഫോടനത്തിനു സമാനമായ ആക്രമണം; എന്‍.ഐ.എ ഏറ്റെടുത്തു

മരിച്ച ഭീകരന്‍ മുമ്പും ക്ഷേത്രങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടു

ചെന്നൈ: കോയമ്പത്തൂരില്‍ കാറില്‍ സ്‌ഫോടനമുണ്ടായ സംഭവത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ ഉക്കടത്ത് കോട്ടമേട് ക്ഷേത്രത്തിന് സമീപമായിരുന്നു സ്ഫോടനം. പ്രാഥമിക വിവരണ ശേഖരത്തിന്റെ ഭാഗമായി എന്‍ഐഎ പരിശോധനകള്‍ ആരംഭിച്ചു. 2019 ല്‍ ഐ.എസ് കേസില്‍ എന്‍.ഐ.എ ചോദ്യം ചെയ്തിട്ടുള്ള ഉക്കടം ജി.എം നഗറിലെ ജമേഷ് മുബിന്‍ (25) ആണു മരിച്ചത്. ചാവേറാക്രമണമെന്ന സൂചന ലഭിച്ചതിനു പിന്നാലെ കോയമ്പത്തൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ പേര്‍ക്ക് സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തിയിരുന്നു.

കാര്‍ പൊട്ടിത്തെറിച്ചു മരിച്ചയാള്‍ ലക്ഷ്യമിട്ടത് ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന ചാവേര്‍ സ്‌ഫോടനത്തിനു സമാനരീതിയിലുള്ള ആക്രമണമെന്ന സൂചനകളും പുറത്തു വന്നിരുന്നു. കോയമ്പത്തൂര്‍ നഗരത്തിലെ പ്രധാനപ്പെട്ട രണ്ട് ആരാധനാലയങ്ങളില്‍ ഒന്നിനുമുന്നില്‍ സ്‌ഫോടനം നടത്താനായിരുന്നു ലക്ഷ്യമിട്ടതെന്ന് പോലീസിനു വിവരം ലഭിച്ചിരുന്നു. നേരത്തെയും ഇയാള്‍ ആരാധനാലയം ആക്രമിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പോലീസ് പദ്ധതി തകര്‍ക്കുകയായിരുന്നു.

Signature-ad

2019 ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായതിനു സമാന ചാവേര്‍ ആക്രണമാണു മുബീന്‍ ലക്ഷ്യം വച്ചിരുന്നതെന്നാണു അന്വേഷണ ഏജന്‍സിക്ക് ലഭിച്ച വിവരം. നഗരത്തിലെ രണ്ട് ആരാധനാലയങ്ങള്‍ക്കു മുന്നില്‍ ആക്രമണം നടത്തുകയായിരുന്നു പദ്ധതി. ഐ.എസ് കേസുമായി ബന്ധപ്പെട്ടു നിലവില്‍ കേരളത്തിലെ ജയിലില്‍ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ ഉറ്റ കൂട്ടുകാരനാണ് മുബീന്‍. ലങ്കയിലെ ഈസ്റ്റര്‍ ദിന ബോംബാക്രമണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന സഹ്‌റാന്‍ ഹാഷിം, മുബീന്റെ ഫെയ്സ്ബുക്ക് സുഹൃത്തായിരുന്നു. ഇക്കാര്യം അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് ഇയാളെ നിരീക്ഷണത്തിലാക്കിയത്. അതേസമയം പൊട്ടിത്തെറിച്ചതു പെട്രോള്‍ കാറാണെന്നു സ്ഥിരീകരിച്ചു. പാചകവാതക സിലിണ്ടറുകള്‍ കാറിനുള്ളില്‍ നിറച്ചതു സ്‌ഫോടനത്തിന്റെ തീവ്രത കൂട്ടായിരിക്കാമെന്നാണു അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

അതിനിടെ ജമേഷ മുബിനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചതിലും ആസൂത്രണത്തിലും ഇവര്‍ക്ക് കൃത്യമായ പങ്കുണ്ടെന്നും പോലീസ് പറയുന്നു. കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിനു മുന്നില്‍ നിന്ന് ശേഖരിച്ച സിസി ടിവി ദൃശ്യങ്ങളിലും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീടിനു സമീപത്തെ സിസിടിവി ദൃശ്യങ്ങളിലും അറസ്റ്റിലായവരുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

1998 ഫെബ്രുവരി 14ന് 59 പേര്‍ കൊല്ലപ്പെടുകയും 200 ല്‍ അധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരക്കേസില്‍ ഒന്നാം പ്രതിയും നിരോധിത സംഘടനയായ അല്‍ ഉമ്മയുടെ സ്ഥാപകന്‍ എസ്.എ.ബാഷയുടെ സഹോദരനുമായ നവാബിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെ നവാബിന്റെ മകന്‍ മുഹമ്മദ് തല്‍ഹ ഉള്‍പ്പെടെയുള്ള 5 പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. നവാബ് ഇസ്മയില്‍, ഫിറോസ് ഇസ്മയില്‍, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.

ശനിയാഴ്ച രാത്രി 11.45 ന് അറസ്റ്റിലായവര്‍ സ്ഫോടനം നടന്ന കാറിനകത്തേക്ക് ഗ്യാസ് സിലിണ്ടര്‍ പോലെയുള്ള വസ്തു പൊതിഞ്ഞ് കാറില്‍ കയറ്റുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കാറില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിലാണ് ജമേഷ മുബിന്‍ കൊല്ലപ്പെട്ടത്. കാറിലുണ്ടായിരുന്ന രണ്ട് സിലിണ്ടറുകളില്‍ ഒന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

സ്ഫോടനത്തില്‍ കാര്‍ രണ്ടായി പിളരുകയും പൂര്‍ണമായി കത്തിനശിക്കുകയും ചെയ്തു. രണ്ട് ഗ്യാസ് സിലിണ്ടറുകളും തുറന്നിട്ടാണ് ഞായറാഴ്ച പുലര്‍ച്ചെ നാലിന് ജമേഷ മുബിന്‍ കോട്ടമേട് ക്ഷേത്രത്തിന് സമീപത്തേക്ക് കാര്‍ ഓടിച്ച് എത്തിയതെന്നു പോലീസ് വ്യക്തമാക്കിയിരുന്നു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബോംബ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ കണ്ടെടുത്തിരുന്നു. തകര്‍ന്ന കാറില്‍ ഫൊറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ സ്ഫോടനത്തിന്റെ ആഘാതം കൂട്ടാന്‍ ആണികളും മാര്‍ബിള്‍ കഷണങ്ങളും വിതറിയതായും പോലീസ് കണ്ടെത്തിയിരുന്നു.

 

 

Back to top button
error: