MovieNEWS

കാന്താരയിലെ ഹിറ്റ് ഗാനത്തിനം കോപ്പിയടി വിവാദത്തില്‍; നിയമനടപടിക്കൊരുങ്ങി തൈക്കുടം ബ്രിഡ്ജ്

കൊച്ചി: കന്നട ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ഏറ്റവും പുതിയ ഹിറ്റ് ചിത്രമാണ് കാന്താര. സെപ്തംബര്‍ 30 ന് റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടിയതോടെ മറ്റു ഭാഷകളിലേക്കും മൊഴിമാറ്റിയെത്തിയിരുന്നു. ഇപ്പോഴും ചിത്രം വിജകരമായി പ്രദര്‍ശനം തുടരുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് മലയാളം പതിപ്പ് കേരളത്തില്‍ എത്തിച്ചത്.

തീരദേശ കര്‍ണാടകത്തിലെ ഒരു ഗ്രാമവും ദൈവനര്‍ത്തക വിശ്വാസവുമാണ് ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാന ചെയ്ത ചിത്രത്തിന്റെ പ്രമേയം. ഹൊംബൊയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് നിര്‍മാണം. ചിത്രത്തിലെ പശ്ചാത്തലസംഗീതവും ഗാനങ്ങളും പ്രത്യേക കൈയടി നേടിയിരുന്നു.

Signature-ad

ചിത്രത്തിലെ ‘വരാഹ രൂപം’ എന്ന ഗാനം തൈക്കൂടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന പാട്ടിന്റെ കോപ്പിയാണെന്ന ആരോപണം ചിലര്‍ ഉന്നയിച്ചിരുന്നു. ‘വരാഹ രൂപം’ എന്ന പാട്ട് തൈക്കൂടം ബ്രിഡ്ജ് ഇന്റെ നവരസം എന്ന പാട്ടിന്റെ 90 ശതമാനം ഓര്‍ക്കസ്ട്രല്‍ അറേഞ്ച്മെന്റിന്റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പി ആണെന്നാണ് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഒരേ രാഗം ആയതുകൊണ്ട് വെറുതെ തോന്നുന്നതൊന്നും അല്ലെന്നും കോപ്പിയാണെന്ന് നല്ല ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴിതാ തങ്ങളുടെ പാട്ട് കോപ്പി അടിച്ചതാണെന്ന വാദവുമായി തൈക്കുടം ബ്രിഡ്ജ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവരുടെ പ്രതികരണം. പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് തൈക്കുടം ബ്രിഡ്ജ് പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. ആരാധകരോട് ഈ വിഷയത്തിലെ പിന്തുണയും തൈക്കുടം ബ്രിഡ്ജ് ആവശ്യപ്പെട്ടിട്ടുണ്ട്.

കോപ്പിയടി വിവാദം തുടങ്ങിയ സമയത്ത് ഈ വാദങ്ങളെ തള്ളിക്കൊണ്ട് കാന്താരയുടെ സംഗീത സംവിധായകന്‍ ബി. അജനീഷ് ലോക്നാഥ് രംഗത്തെത്തിയിരുന്നു. കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാല്‍ തോന്നുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

 

Back to top button
error: