LocalNEWS

എക്‌സൈസ് സംഘം ഓടിച്ച കഞ്ചാവ് കേസ് പ്രതി ചെന്നുപെട്ടത് വനിതാ പോലീസിന്റെ വീട്ടുവളപ്പില്‍!

കോട്ടയം: കഞ്ചാവ് കേസിലെ പ്രതിയായ യുവാവിനെ എക്‌സൈസ് സംഘം ഓടിച്ചപ്പോള്‍ ചെന്നു കയറിയത് വനിതാ പോലീസിന്റെ വീട്ടുവളപ്പില്‍. യുവാവിന്റെ പരിഭ്രമം കണ്ട് ചോദ്യം ചെയ്തതോടെ സത്യം പുറത്തുവന്നു. ഏറ്റുമാനൂര്‍ പ്രാവട്ടം ആയിരംവേലി ഭാഗത്ത് താമസിക്കുന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍ (എച്ച്.സി) കെ. കന്‍സിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തി വന്ന സംഘത്തിലെ അജിത്ത് ആണ് ഇവിടേക്ക് ഓടിക്കയറിയത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു കന്‍സി. വീടിനു സമീപം ആരോ വന്നതായി കാല്‍പെരുമാറ്റത്തില്‍ നിന്നു ഇവര്‍ക്ക് മനസിലായി. മുറ്റത്തേക്ക് ഇറങ്ങി നോക്കിയപ്പോള്‍ യുവാവിനെ കണ്ടു. ”കുറച്ചുപേര്‍ കൊല്ലാന്‍ വരുന്നു. രക്ഷിക്കണ”മെന്നാണ് ഇയാള്‍ പറഞ്ഞത്. സംശയം തോന്നി യുവാവിനെ കാര്‍ ഷെഡിനുളളിലേക്ക് കൊണ്ടു പോയി പിടിച്ചു വച്ചു. ചോദ്യം ചെയ്തതോടെ യുവാവ് പരുങ്ങലിലായി.

Signature-ad

തുടര്‍ന്നു കന്‍സി അയല്‍ വീട്ടുകാരെ കൂടി വിളിച്ചു വരുത്തി. അവരുടെ സഹായത്തോടെ യുവാവിനെ തടഞ്ഞുവച്ചു. തുടര്‍ന്നു പോലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തുന്നതിനു മുന്‍പ് എക്‌സൈസിലെ ഒരു ഉദ്യോഗസ്ഥന്‍ എത്തി. കഞ്ചാവ് കേസിലെ പ്രതിയാണെന്നു ഉദ്യോഗസ്ഥന്‍ അറിയിച്ചു. തുടര്‍ന്നു നാട്ടുകാരുടെ സാന്നിധ്യത്തില്‍ പ്രതിയെ എക്‌സൈസിനു കൈമാറി. ഓടി രക്ഷപ്പെട്ടവരില്‍ ഒരാളെ കൂടി കിട്ടാനുണ്ടെന്നു എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ പിടികൂടിയ കന്‍സിയെ നാട്ടുകാരുടെ നേതൃത്വത്തില്‍ അഭിനന്ദിച്ചു.

Back to top button
error: